വീടിന്റെ പൂട്ട് തകർത്ത് സ്വർണ്ണവും പണവും കവർന്നു: ഭവനഭേദനക്കേസിൽ വനിതാ പൊലീസ് ഹെഡ് കോൺസ്റ്റബിളിന് പങ്ക്; സസ്പെൻഷൻ | Female police head constable suspended jewelry theft
രാജപാളയം (തമിഴ്‌നാട്): അയൽവീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന വനിതാ പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു (Female police head constable suspended jewelry theft). വിരുതുനഗർ ജില്ലയിലെ രാജപാളയം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ ഭാഗ്യലക്ഷ്മി (40) യെയാണ് വിരുതുനഗർ ജില്ലാ പൊലീസ് സൂപ്രണ്ട് ഗൗതം കോയൽ സസ്പെൻഡ് ചെയ്തത്.
രാജപാളയം ശങ്കരപാണ്ഡ്യപുരം തെരുവിൽ താമസിക്കുന്ന പൂവ്യാപാരിയായ ശങ്കരലിംഗത്തിന്റെ (50) വീട്ടിലാണ് കഴിഞ്ഞ മാസം മോഷണം നടന്നത്. കുടുംബത്തോടൊപ്പം ഇയാൾ പുറത്തുപോയ സമയത്ത് വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവൻ സ്വർണ്ണാഭരണങ്ങളും 50,000 രൂപയും മോഷണം പോവുകയായിരുന്നു. ശങ്കരലിംഗത്തിന്റെ പരാതിയിൽ രാജപാളയം ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സമീപത്തെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശങ്കരലിംഗത്തിന്റെ വീടിന് സമീപം താമസിക്കുന്ന ഭാഗ്യലക്ഷ്മി മോഷണം നടന്ന സമയത്ത് അവിടെയെത്തി സാധനങ്ങൾ കൊണ്ടുപോകുന്നതായുള്ള സംശയാസ്പദമായ ദൃശ്യങ്ങൾ ലഭിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഇവർക്ക് മോഷണത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തതെന്നും സമഗ്രമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പൊലീസ് അറിയിച്ചു.




