എം.ജി സർവ്വകലാശാല ഇന്റേണൽ മാർക്ക് പോർട്ടൽ അട്ടിമറിച്ചതായി പരാതി; ഇടത് അധ്യാപക സംഘടനയാണ് ഹാക്ക് ചെയ്തിരിക്കുന്നതെന്ന് സിൻഡിക്കേറ്റ് ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് കമ്മീഷനെ നിയോഗിക്കണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വൈസ് ചാൻസലർക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി. വിഷയം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി സംസാരിച്ചിട്ടുണ്ടെന്നും, കേസ് ഉടൻ തന്നെ സൈബർ പോലീസിന് കൈമാറുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ.
കോട്ടയം: എം.ജി സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്കുകൾ രേഖപ്പെടുത്തുന്ന ഔദ്യോഗിക സംവിധാനത്തിൽ വൻ ക്രമക്കേടും അട്ടിമറിയും നടന്നതായി ഗുരുതര ആരോപണം. ഫോർ ഇയർ യു.ജി പ്രോഗ്രാമിന്റെ ഭാഗമായി കണ്ടിന്യൂവസ് കോംപ്രിഹെൻസീവ് ഇവാലുവേഷൻ ഫോമുകൾ വഴി അപ്‌ലോഡ് ചെയ്തിരുന്ന പോർട്ടൽ ഇടത് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ ഹാക്ക് ചെയ്തുവെന്ന പരാതിയിലാണ് ഇപ്പോൾ സിൻഡിക്കേറ്റും സർവ്വകലാശാലാ ഭരണസമിതിയും കർശന നടപടികളിലേക്ക് കടക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെയും ഇടത് സിൻഡിക്കേറ്റിന്റെയും കാലത്ത് സ്ഥാപിച്ച പോർട്ടലാണ് പെട്ടെന്ന് നിശ്ചലമായത്. അഞ്ചാം സെമസ്റ്ററിലെ മാർക്കുകൾ എൻ്റർ ചെയ്യാൻ അധ്യാപകർ ശ്രമിച്ചപ്പോഴാണ് സിസ്റ്റം ക്ലോസ് ആയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇടത് അധ്യാപക സംഘടനയുടെ സ്വന്തം ഗ്രൂപ്പുകളിൽ ഈ ഫോമുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സിൻഡിക്കേറ്റ് അംഗങ്ങൾ അനൗദ്യോഗികമായി യോഗം ചേരുകയും അട്ടിമറിക്കപ്പെട്ട ഫോമുകളിലേക്ക് മാർക്കുകൾ നൽകരുതെന്ന് സർവ്വകലാശാലയ്ക്ക് കീഴിലെ മുഴുവൻ കോളജ് പ്രിൻസിപ്പൽമാർക്കും കർശന നിർദ്ദേശം നൽകുകയും ചെയ്തു. ഇനി ഔദ്യോഗികമായി പുതിയ ഫോം നൽകുന്നത് വരെ കാത്തിരിക്കാനാണ് നിർദ്ദേശം.
സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് കമ്മീഷനെ നിയോഗിക്കണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വൈസ് ചാൻസലറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി രഹസ്യ സ്വഭാവമുള്ള മാർക്ക് പോർട്ടൽ ഹാക്ക് ചെയ്ത നടപടിയെ രൂക്ഷമായ ഭാഷയിലാണ് സർവ്വകലാശാല പ്രതിനിധികൾ വിമർശിച്ചത്.
സെനറ്റ് അംഗം ഡോ. കെ. സിന്ധുവും അധ്യാപക സംഘടനകളും ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എന്ന് ജോണിന് പരാതി നൽകിയിട്ടുണ്ട്. വിഷയം ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി സംസാരിച്ചിട്ടുണ്ടെന്നും, കേസ് ഉടൻ തന്നെ സൈബർ പോലീസിന് കൈമാറുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി. സൈബർ എത്തിക്സിനെക്കുറിച്ച് ക്ലാസെടുക്കുന്ന അധ്യാപകർ തന്നെ ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ പ്രതികാരങ്ങൾക്ക് മുതിരുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അപമാനമാണെന്നും ആരോപണമുയരുന്നുണ്ട്.




