പട്ടികജാതി സംരംഭകയുടെ പരാതിയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ ജാമ്യമില്ലാ കേസ്, പള്ളിക്കത്തോട് പോലീസാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്. കരാർ പുതുക്കാൻ നൽകിയ ഒഴിഞ്ഞ മുദ്രപ്പത്രത്തിൽ വ്യാജക്കരാർ ചമയ്ക്കുകയും പേരിൽ വ്യാജ ഒപ്പിടുകയുമായിരുന്നുവെന്നാണ് പരാതി.
കോട്ടയം: കരാർ പുതുക്കാൻ നൽകിയ ഒഴിഞ്ഞ മുദ്രപ്പത്രത്തിൽ വ്യാജക്കരാർ ചമയ്ക്കുകയും തൻ്റെ പേരിൽ വ്യാജ ഒപ്പിട്ടു എന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതാ സംരംഭകയുടെ പരാതിയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോമോൻ മാത്യു, തദ്ദേശ സ്വയംഭരണ വകുപ്പ് ആഭ്യന്തര വിജിലൻസ് ഓഫീസർ ജയ്ജീവ്, ജോയിന്റ് ഡയറക്ടർ ബിനു ജോൺ എന്നിവർക്കെതിരെയാണ് പള്ളിക്കത്തോട് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്.
പള്ളിക്കത്തോട് ആനിക്കാട് സ്വദേശിനി സരിത സാനു ശങ്കറിന്റെ പരാതിയിലാണ് നടപടി. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ സരിത നടത്തിയിരുന്ന വ്യവസായ സ്ഥാപനത്തിന്റെ കരാർ പുതുക്കാൻ നൽകിയ ഒഴിഞ്ഞ മുദ്രപ്പത്രത്തിൽ . വ്യാജക്കരാർ ചമയ്ക്കുകയും സരിതയുടെ പേരിൽ വ്യാജ ഒപ്പിടുകയുമായിരുന്നുവെന്നാണ് പരാതി.
ഇതിനിടെ വാടക കുടിശ്ശികയുണ്ടെന്ന് കാട്ടി സ്ഥാപനം പൂട്ടിക്കുകയും റവന്യൂ റിക്കവറി വഴി യന്ത്രസാമഗ്രികൾ പിടിച്ചെടുക്കുകയും ചെയ്തു.
കൂടാതെ, നിയമസേവന സമിതി യോഗത്തിനു ശേഷം ഒന്നാം പ്രതിയായ സെക്രട്ടറി തന്നെയും ഭർത്താവിനെയും പൊതുമധ്യത്തിൽ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെയും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെയും ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വിശദമായ അന്വേഷണം നടത്തിയാൽ മാത്രമെ ആരൊപണങ്ങളുടെ നിജസ്ഥിതി വ്യക്തമാകൂവെന്നും പോലീസ് പറയുന്നു.




