സൗദി വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം; യെമൻ യുദ്ധത്തിൽ സിറിയ സൈനിക സഹായം പരിഗണിക്കുന്നു | Syria Saudi Arabia military support
റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതികൾ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ സൗദിയെ സഹായിക്കാൻ സൈനിക ഇടപെടൽ നടത്തുന്നത് സിറിയ പരിഗണിക്കുന്നതായി യുഎസ്, സിറിയൻ ഉദ്യോഗസ്ഥർ. പ്രതിരോധ സഹായം നൽകുന്നതിന് പുറമെ സൗദി പിന്തുണയുള്ള യെമൻ സേനയ്ക്കൊപ്പം ഹൂതികൾക്കെതിരായ ആക്രമണങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നതും സിറിയ പരിഗണിക്കുന്നതായി റിപ്പോർട്ട്. (Syria Saudi Arabia military support)
ഈ ആഴ്ച സൗദിയിലെ വിമാനത്താവളങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി സൗദി അധികൃതർ അറിയിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി സംഘം വ്യാഴാഴ്ച അവകാശപ്പെട്ടു. റിയാദിൽ വ്യാഴാഴ്ച രാവിലെ സ്ഫോടനശബ്ദങ്ങൾ കേട്ടെങ്കിലും സംഭവത്തെക്കുറിച്ച് സൗദി അധികൃതർ ഉടൻ പ്രതികരിച്ചില്ല. സൗദി അറേബ്യ സഖ്യരാജ്യങ്ങളിൽ നിന്ന് കൂടുതൽ സൈനിക പിന്തുണ തേടുന്നതിനിടെയാണ് സിറിയയുടെ ഇടപെടൽ സംബന്ധിച്ച ചർച്ചകൾ. തുർക്കിയും പാകിസ്ഥാനും ഇതിനകം സൗദിക്ക് പ്രതിരോധ, സാങ്കേതിക, സൈനിക സഹായം നൽകുന്നുണ്ട്. തുർക്കി സൈനിക ഉപകരണങ്ങൾ, ഇന്റലിജൻസ് സഹകരണം, ആയുധ സംവിധാനങ്ങൾ എന്നിവ നൽകുമെന്ന് അറിയിച്ചപ്പോൾ പാകിസ്ഥാൻ സൈനിക ഉപകരണങ്ങൾ യെമനിലേക്ക് അയച്ചതായും സൗദി അതിർത്തി സംരക്ഷിക്കാൻ സ്വന്തം സൈനികരെ വിന്യസിച്ചതായും റിപ്പോർട്ടുണ്ട്.
സിറിയൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സൗദിക്കെതിരായ ഹൂതി ആക്രമണങ്ങളെ സിറിയ ശക്തമായി അപലപിക്കുന്നതായി വ്യക്തമാക്കി. എന്നാൽ ആഭ്യന്തര യുദ്ധത്തിന് ശേഷം രാജ്യത്തിന്റെ പുനർനിർമാണത്തിനും ആഭ്യന്തര വിഷയങ്ങൾക്കുമാണ് ഇപ്പോൾ പ്രധാന പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. സൗദി സൈനിക സഹകരണം ആവശ്യപ്പെട്ടാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക കരാറുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും സഹകരണമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
2022ലെ വെടിനിർത്തലിന് ശേഷം ശമിച്ചിരുന്ന യെമൻ ആഭ്യന്തരയുദ്ധം കഴിഞ്ഞ ഏതാനും ആഴ്ചകളിലാണ് വീണ്ടും ശക്തമായത്. ഹൂതികൾ കഴിഞ്ഞ മാസം ചെങ്കടൽ തീരത്തെ തന്ത്രപ്രധാന മേഖലകൾ, ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ, പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ സൗദി പിന്തുണയുള്ള യെമൻ സേന തിരിച്ചടിച്ച് ചില പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ശ്രമം തുടരുകയാണ്. അതേസമയം, യെമനിലെ പോരാട്ടം വീണ്ടും രൂക്ഷമായതോടെ മാനുഷിക പ്രതിസന്ധിയും വഷളാകുകയാണ്. സംഘർഷം പുനരാരംഭിച്ചതിന് ശേഷം ഏകദേശം രണ്ട് ലക്ഷം പേർ പലായനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതത്തിനും ഗൾഫ് എണ്ണ കയറ്റുമതിക്കും ഹൂതികളുടെ ആക്രമണ ഭീഷണി വർധിക്കുന്നത് പ്രാദേശിക സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള ആശങ്കയും ഉയർത്തുന്നുണ്ട്.
Summary: Syria is considering military assistance to Saudi Arabia as Houthi attacks on Saudi airports and infrastructure intensify. The support could range from defensive assistance to a more direct role alongside Saudi-backed Yemeni forces, while Turkey and Pakistan are also providing support to Riyadh.




