Skip to content
November 20, 2026
⌕

സൗദി വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; ‘പൂർണമായും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ | India condemns Saudi airport attacks

October 8, 2026
Share this post to
India condemns Saudi airport attacks

ന്യൂഡൽഹി: സൗദി അറേബ്യയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നത് “പൂർണമായും അംഗീകരിക്കാനാകാത്തതാണ്” എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. (India condemns Saudi airport attacks)

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഒക്ടോബർ ആറിന് അബ്ഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്ടോബർ ഏഴിന് കിങ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇന്ത്യ ആശംസിച്ചു. സൗദി അറേബ്യയിലെ ജനങ്ങൾക്കും സർക്കാരിനുമൊപ്പം ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം, സൗദി നേതൃത്വത്തിലുള്ള സഖ്യസേന യെമനിൽ ഹൂതി സേനയുടെ 82 സൈനിക കേന്ദ്രങ്ങൾ തകർത്തതായി അറിയിച്ചു. സാദ, ഹുദൈദ, അൽ ജൗഫ്, മാരിബ് പ്രവിശ്യകളിലായിരുന്നു ആക്രമണം. ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ, മിസൈൽ സംഭരണ കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് സഖ്യസേന വ്യക്തമാക്കി.
സനായിലെ സൗദിക്കെതിരായ ആക്രമണത്തിന് തയ്യാറാക്കിയിരുന്ന ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ സംവിധാനവും തകർത്തതായി സഖ്യസേന അവകാശപ്പെട്ടു. സൗദി വിമാനത്താവളങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് സൈനിക നടപടി നടത്തിയതെന്നും സഖ്യസേന അറിയിച്ചു.

ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ആക്രമണങ്ങളെ അപലപിച്ചു. വിമാനത്താവളങ്ങളെ ലക്ഷ്യമിടുന്നതും യാത്രക്കാരുടെയും ജീവനക്കാരുടെയും സാധാരണ ജനങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സൗദിയിലെ വിമാനത്താവളങ്ങൾക്കും വ്യോമമേഖലയ്ക്കുമെതിരെ കൂടുതൽ ഭീഷണിയുണ്ടാകാമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Summary: India has strongly condemned attacks on Abha International Airport and Riyadh’s King Khalid International Airport, calling the targeting of civilian infrastructure “completely unacceptable.” The attacks killed three people and injured 36, while Saudi-led coalition forces said they carried out retaliatory strikes against Houthi military targets in Yemen.

Get more updates from Pudukad News on Google