ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് കോടതി അനുമതി | Chavakkad baby death
തൃശൂർ: ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി അനുമതി നൽകി (Chavakkad baby death). തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം-മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. അന്ന് പോസ്റ്റുമോർട്ടം നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. പിന്നീട് മുഹ്സിന ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാർച്ച് 20ന് മരിച്ചിരുന്നു.
മുഹ്സിനയ്ക്ക് ഭർത്താവ് മതിയായ ചികിത്സ നൽകിയില്ലെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വർഷങ്ങൾക്കുമുമ്പ് മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നതിനായി ചാവക്കാട് സബ് ഇൻസ്പെക്ടർ കോടതിയെ സമീപിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇബ്രാഹിമിനെതിരെയും ഇയാളെ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ചാവക്കാട് ചേറ്റുവ റോഡിലെ ഫെയ്സിറ്റ അക്യുപംക്ചർ സ്ഥാപനം നടത്തുന്ന റുവൈദ ഫൈസൽ, അക്യുപംക്ചർ പ്രചാരകനായ കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെയും കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Story Summary:
A court has permitted the exhumation and post-mortem examination of a four-day-old baby who died in Chavakkad in January 2021. The move comes amid an ongoing police investigation into the later death of the child’s mother, Muhsina, and allegations raised by her family.




