പിറന്നാൾ ആഘോഷത്തിന് വാടകയ്ക്കെടുത്ത ഔഡി മരണവാഹനമായി; 17കാരൻ ഓടിച്ച കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു; 45കാരനായ കാൽനടയാത്രക്കാരന് ദാരുണാന്ത്യം | Delhi Audi accident
ന്യൂഡൽഹി: സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനായി 17കാരൻ വാടകയ്ക്കെടുത്ത ഔഡി കാർ അപകടത്തിൽപ്പെട്ട് കാൽനടയാത്രക്കാരന് ദാരുണാന്ത്യം (Delhi Audi accident). മൂന്ന് വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് കാർ 45കാരനായ കാൽനടയാത്രക്കാരനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമാശങ്കർ പിന്നീട് മരിച്ചു.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽപ്പെട്ട ഔഡി കാറും പൊലീസ് പിടിച്ചെടുത്തു. ഒരു ആപ്പ് വഴിയാണ് 17കാരൻ 16,000 രൂപയ്ക്ക് ഒരു ദിവസത്തേക്ക് വാഹനം വാടകയ്ക്കെടുത്തതെന്നാണ് പ്രാഥമിക വിവരം.
പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം എങ്ങനെ ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്. കാർ ബുക്ക് ചെയ്ത രീതി, വാടകയ്ക്ക് നൽകുന്നതിന് മുമ്പ് പ്രായം പരിശോധിച്ചിരുന്നോ, ഡ്രൈവിംഗ് ലൈസൻസ് ആവശ്യപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്.
അനുമതിയില്ലാതെയോ ലൈസൻസ് ഇല്ലാതെയോ പ്രായപൂർത്തിയാകാത്തയാൾക്ക് വാഹനം കൈമാറിയതായി കണ്ടെത്തിയാൽ വാടകക്കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കമ്പനിയുടെ പങ്കും പരിശോധിച്ചുവരികയാണ്.
അപകടസമയത്ത് കാറിലുണ്ടായിരുന്നവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. യാത്രക്കാരുടെ പേരും പ്രായവും ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കുന്നതിനൊപ്പം അപകടസമയത്ത് കാർ ഓടിച്ചിരുന്നത് 17കാരൻ തന്നെയായിരുന്നോ, അതോ മറ്റാരെങ്കിലും വാഹനമോടിച്ചിരുന്നോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.
Story Summary:
A 17-year-old allegedly rented an Audi for ₹16,000 to attend a friend’s birthday celebration before the vehicle crashed into three vehicles and a pedestrian in Delhi. The 45-year-old pedestrian, identified as Umashankar, later died, while police are investigating the minor driver and the rental company.




