വിമാനത്തിലെ ആക്രമണം ചെറുത്ത ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം | Smit Machchhar Israel bravery award
ജെറുസലേം: ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് വൻ ദുരന്തം ഒഴിവാക്കാൻ നിർണായക പങ്കുവഹിച്ച ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ച്ഛറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം. പ്രസിഡന്റ് ഐസക് ഹെർസോഗാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടശേഷം മച്ച്ഛറിന് പുരസ്കാരം കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. (Smit Machchhar Israel bravery award)
സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് 1073 വിമാനത്തിലായിരുന്നു സംഭവം. കോക്പിറ്റിനുള്ളിൽ വെച്ച് ഒമാൻ പൗരനായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി മച്ച്ഛറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റിട്ടും ആക്രമണത്തെ ചെറുക്കാൻ മച്ച്ഛർ നടത്തിയ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്ന് ഇസ്രയേൽ പ്രസിഡന്റ് വ്യക്തമാക്കി. ജെറുസലേമിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ വിമാനത്തിലുണ്ടായിരുന്ന ആറ് പേർക്കാണ് പുരസ്കാരം സമ്മാനിച്ചത്. താലി മനേസ്, സ്വിക മനേസ്, യാനിവ് ഹയൂൺ, ഷോട്ട മുസായേവ്, അസഫ് രാജുവാൻ, ഓർ പാർദിലോവ് എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും രക്ഷിക്കുന്നതിൽ ഇവർ നിർണായക പങ്കുവഹിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
മച്ച്ഛറിന്റെ ധൈര്യവും പ്രൊഫഷണൽ മികവും വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്ന് ഹെർസോഗ് പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ക്യാപ്റ്റന്റെ പൂർണവും വേഗത്തിലുള്ളതുമായ ആരോഗ്യവീണ്ടെടുപ്പിനായി ആശംസകൾ അറിയിച്ച അദ്ദേഹം, മച്ച്ഛർ സുഖം പ്രാപിച്ചശേഷം ഇസ്രയേൽ ജനതയുടെ പേരിൽ പുരസ്കാരം കൈമാറുന്നത് അഭിമാനകരമായിരിക്കുമെന്നും വ്യക്തമാക്കി. സ്വന്തം ജീവൻ അപകടത്തിലാക്കി മറ്റുള്ളവരെ രക്ഷിക്കാൻ അസാധാരണ ധീരത പ്രകടിപ്പിച്ചവരെ ആദരിക്കുന്നതിനായി ഹെർസോഗ് രൂപീകരിച്ച പുരസ്കാരമാണിത്. 2023 ഒക്ടോബർ 7ലെ ആക്രമണത്തിന് ശേഷമാണ് സിവിലിയൻ ധീരതയ്ക്കുള്ള പ്രസിഡന്റിന്റെ പുരസ്കാരം ആരംഭിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മച്ച്ഛറിന്റെ ധീരതയെ നേരത്തെ അഭിനന്ദിച്ചിരുന്നു.
യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മച്ച്ഛറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നാണ് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരുമിച്ച് പ്രവർത്തിച്ച് വിമാനത്തിലെ യാത്രക്കാരുടെ ജീവൻ രക്ഷിച്ച സംഭവം, ഭീകരവാദ ഭീഷണിയെ നേരിടുന്നതിൽ രാജ്യാന്തര സഹകരണത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതാണെന്ന് ഹെർസോഗ് പറഞ്ഞു.
Summary: Israel has announced its Presidential Award for Civilian Heroism for Indian Captain Smit Machchhar, who reportedly fought off a co-pilot’s attack aboard flydubai Flight 1073 on September 30. President Isaac Herzog said the award would be presented to Machchhar after he regains his strength.




