സോഷ്യൽ മീഡിയയിലെ വ്യാജ വീഡിയോകൾക്കെതിരെ കേന്ദ്ര സർക്കാർ കർശന നടപടിക്ക്: ബോധപൂർവം എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ നിർദ്ദേശം | Govt to crack down on fake videos on social media
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ‘ഡീപ്‌ഫേക്ക്’ (Govt to crack down on fake videos on social media) വീഡിയോകൾക്കും, എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങൾക്കുമെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ ഉള്ളടക്കങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദ്ദേശം നൽകി.
പഴയ ചിത്രങ്ങളും വീഡിയോകളും നിലവിലെ സംഭവങ്ങളെന്ന വ്യാജേന തിരിമറി നടത്തി പ്രചരിപ്പിക്കുന്ന പ്രവണത അടുത്തകാലത്തായി വർദ്ധിച്ചുവരികയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങൾക്കിടയിൽ വലിയ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതിനൊപ്പം ക്രമസമാധാന നില തകരാറിലാക്കാനും ഇടയാക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ, ഇത്തരം വ്യാജ പോസ്റ്റുകൾ കണ്ടുപിടിച്ച് അതിവേഗം നീക്കം ചെയ്യുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മുൻകൈയെടുക്കണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. കൂടാതെ, സർക്കാർ സംവിധാനങ്ങളും മന്ത്രാലയങ്ങളും ചൂണ്ടിക്കാണിക്കുന്ന ആക്ഷേപകരമായ പോസ്റ്റുകൾക്ക് മുൻഗണന നൽകി, യാതൊരു കാലതാമസവുമില്ലാതെ നീക്കം ചെയ്യണമെന്നും പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ആവശ്യപ്പെടുന്നു.




