Skip to content
November 19, 2026
⌕

രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് ഇന്ത്യാ സഖ്യത്തിലെ 10 എംപിമാർക്ക് അനുമതി; ഇന്ന് രാത്രി എട്ടിന് കൂടിക്കാഴ്ച | INDIA bloc MPs

October 9, 2026
Share this post to
INDIA bloc MPs

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇന്ത്യാ സഖ്യത്തിലെ പത്ത് എംപിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ലഭിച്ചു (INDIA bloc MPs). ഇന്ന് രാത്രി എട്ട് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഇന്ത്യാ സഖ്യം കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി ഭവൻ അനുമതി നൽകിയത്.

രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷ എംപിമാർ ഏതെല്ലാം വിഷയങ്ങൾ ഉന്നയിക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉൾപ്പെടെ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.

രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചതിന് പിന്നാലെ, വൈകിട്ട് അഞ്ചിന് സെൻട്രൽ ഹാളിൽ ഇന്ത്യാ സഖ്യ നേതാക്കൾ യോഗം ചേരും. കൂടിക്കാഴ്ചയിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധം നടത്തും. ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Story Summary:
Ten MPs from the INDIA bloc have been granted permission to meet President Droupadi Murmu at 8 PM to raise concerns over voter list allegations and demands for Chief Election Commissioner Gyanesh Kumar’s resignation. INDIA bloc leaders will meet at Central Hall at 5 PM ahead of the presidential meeting, while the CJP has announced a protest at Jantar Mantar on Saturday.

Get more updates from Pudukad News on Google