എൽ ബി എസ് സ്കിൽ സെന്റർ മത്സരം: സ്റ്റേറ്റ് ടോപ്പറായി മർകസ് ഐ ടി ഐ
സംസ്ഥാനത്തൊട്ടാകെയുള്ള 120 ഓളം എൽ ബി എസ് സ്കിൽ സെന്ററുകളിൽ നിന്നാണ് മർകസ് ഐ ടി ഐ ഈ നേട്ടം കൈവരിച്ചത്. കോഴ്സുകളുടെ ഗുണനിലവാരം, വിദ്യാർഥികളുടെ പങ്കാളിത്തം, എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് നിശ്ചയിച്ചത്.
എൽ ബി എസിന് കീഴിൽ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്, പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്, സർട്ടിഫൈഡ് കമ്പ്യൂട്ടർ ഓപ്പറേറ്റർ, അഡ്വാൻസ്ഡ് എക്സൽ, ഗ്രാഫിക് ഡിസൈനിങ്, ഫിനാൻഷ്യൽ അക്കൗണ്ടിങ് തുടങ്ങിയ വിവിധിന തൊഴിലധിഷ്ഠിത കോഴ്സുകളാണ് നിലവിൽ മർകസ് ഐടിഐയിൽ വിജയകരമായി നടത്തിവരുന്നത്.
നൂറു ശതമാനം തൊഴിലവസരങ്ങൾ ഉറപ്പുനൽകുന്ന, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വിശാലമായ ലാബുകളും സംവിധാനങ്ങളും ഉള്ള സ്ഥാപനമാണ് മർകസ് ഐ ടി ഐ. സാങ്കേതിക-നൈപുണി വികസന രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം ഉറപ്പാക്കാൻ സ്ഥാപനം കാണിക്കുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ സംസ്ഥാനതല പുരസ്കാരമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ എൽ ബി എസ് ഡയറക്ടർ ഡോ. ജയമോഹൻ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും കൈമാറി. മർകസ് ഐ ടി ഐ കോർഡിനേറ്റർ ഇറാഷ് വി കെ ഏറ്റുവാങ്ങി. ചടങ്ങിൽ എൽ ബി എസ് അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. നന്ദൻ, മുജീബ് റഹ്മാൻ, എക്സ്ട്രീം മൾട്ടിമീഡിയ ഡയറക്ടർ ബിനുരാജ്, വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: എൽ ബി എസ് സ്കിൽ സെന്റർ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരം ഡയറക്ടർ ഡോ. ജയമോഹനിൽ നിന്ന് മർകസ് ഐ ടി ഐ കോർഡിനേറ്റർ ഇറാഷ് വി കെ ഏറ്റുവാങ്ങുന്നു.




