വോട്ടർപട്ടിക പരിഷ്കരണം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിൽ ബി.ജെ.പിക്കോ സി.പി.എമ്മിനോ പരാതിയില്ല. ഒഴുവാക്കിയത് ഇരട്ട വോട്ടുകളും മരിച്ചവരുടേതും മാത്രം. സി.പി.എമ്മിന് ഭരണം പോയത് എസ്.ഐ.ആർ മൂലമെന്ന സി.ജെ.പി ആരോപണത്തിന് പരിഹാസം. തിരഞ്ഞെടുപ്പ് അട്ടിമറിച്ച് 102 സീറ്റ് നേടി താൻ മുഖ്യമന്ത്രിയായെന്നാണോ പറയുന്നതെന്നും ചോദ്യം. വോട്ട് കൊള്ള ബി.ജെ.പിക്ക് ജയസാധ്യതയുള്ളിടത്തെന്നും വിമർശനം
തിരുവനന്തപുരം: കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
എസ്.ഐ.ആർ മൂലമാണ് കേരളത്തിൽ സി.പി.എമ്മിന് ഭരണം നഷ്ടപ്പെട്ടതെന്ന കോക്രോച്ച് ജനതാ പാർട്ടിയുടെയും (സി.ജെ.പി) ഇടതുപക്ഷത്തിന്റെയും പ്രചാരണങ്ങളെ അദ്ദേഹം വാർത്താസമ്മേളനത്തിൽ കണക്കിന് പരിഹസിച്ചു.
കേരളത്തിൽ ആർക്കും വോട്ട് നിഷേധിക്കപ്പെട്ടതായി പരാതികളില്ലെന്നും, സംസ്ഥാനത്ത് നീക്കം ചെയ്യപ്പെട്ട 24 ലക്ഷം വോട്ടുകൾ ഇരട്ട വോട്ടുകളും മരിച്ചവരുടെ പേരിലുള്ള വ്യാജ വോട്ടുകളുമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിൽ നരേന്ദ്ര മോദിയും സംസ്ഥാനത്ത് പിണറായി വിജയനും ഭരിക്കുന്ന സമയത്താണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. അങ്ങനെയെങ്കിൽ കേന്ദ്ര സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടർപട്ടികയെയും അട്ടിമറിച്ച് 102 സീറ്റുകൾ നേടിയാണോ താൻ മുഖ്യമന്ത്രിയായതെന്ന് വിമർശകരുടെ വാദങ്ങളെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
എസ്.ഐ.ആറിന് ശേഷം രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും അസാധുവാക്കണമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിൽ വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെ കൃത്യമായ സമയത്ത് പരാതി നൽകിയത് യു.ഡി.എഫ് മാത്രമാണ്. ആ പരാതികളെല്ലാം കമ്മീഷൻ കൃത്യമായി പരിഹരിച്ചിട്ടുമുണ്ട്. ബി.ജെ.പിക്ക് ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലാണ് അവർ വോട്ട് കൊള്ള നടത്തിയത്.
ജയസാധ്യതയില്ലാത്ത കേരളത്തിൽ അവരെന്തിനാണ് അത്തരം നീക്കങ്ങൾ നടത്തുന്നത് ? ഫലം വന്നതിനു ശേഷം ഇവിടെ സി.പി.എമ്മിനോ ബി.ജെ.പിക്കോ പോലും എസ്.ഐ.ആർ സംബന്ധിച്ച് പരാതികളില്ല.
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ പൂർണ്ണമായും സുതാര്യമായിരിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ മുൻപ് തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ നേരിൽ കാണുകയും രേഖാമൂലം കത്ത് നൽകുകയും ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




