Skip to content
November 19, 2026
⌕

യൂറോപ്യന്‍ യൂണിയന്‍ വന്‍ കടക്കെണിയിലേയ്ക്ക് നീങ്ങുന്നു

October 10, 2026
Share this post to

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ വന്‍ കടക്കെണിയിലേയ്ക്ക് നീങ്ങുന്നതായി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഓഡിറ്റേഴ്സ് (ഇ സി എ) മുന്നറിയിപ്പ്.കോവിഡ് റിക്കവറി പദ്ധതിയുടെ ഭാഗമായി വായ്പകളെടുക്കുന്നത് തുടരുന്നതും ഉക്രൈയ്‌ന് ദീര്‍ഘകാല സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതുമൊക്കെ കാരണം 2027ഓടെ യൂറോപ്യന്‍ യൂണിയന്റെ കടം 1 ട്രില്യണ്‍ യൂറോയിലെത്തിയേക്കുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

2025-ലെ ചെലവുകള്‍ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്.അടുത്ത ഏഴ് വര്‍ഷത്തേക്കുള്ള ബജറ്റിന്റെ പുതിയ ഘടന അംഗരാജ്യങ്ങളില്‍ കൂടുതല്‍ പിശകുകള്‍ക്കും വലിയ ഭരണപരമായ ബാധ്യതകള്‍ക്കും കാരണമായേക്കാമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

ബജറ്റ് പ്രകാരമുള്ള ചെലവുകള്‍ നിറവേറ്റുന്നതിന് പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തിയില്ലെങ്കില്‍ യൂണിയന്റെ മൊത്തം കടത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അടുത്ത ഏഴ് വര്‍ഷത്തേക്കുള്ള ബജറ്റിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാകുന്നതിനിടയിലാണ് ഈ മുന്നറിയിപ്പ് വന്നത്. 2028-2034 കാലയളവിലേക്കുള്ള 1.9 ട്രില്യണ്‍ യൂറോയുടെ ബജറ്റിന്റെ കരട് രേഖ യൂറോപ്യന്‍ യൂണിയന്റെ ഐറിഷ് പ്രസിഡന്‍സി ശനിയാഴ്ച പുറത്തിറക്കും.

മത്സരക്ഷമതയ്ക്കും പ്രതിരോധത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ചെറിയൊരു ബജറ്റ് വേണമെന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങളും കാര്‍ഷിക-മേഖലാ വികസന ചെലവുകള്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്.

യൂറോപ്യന്‍ യൂണിയന്റെ കടം കൂടുന്നു

2024-ല്‍ 601.3 ബില്യണ്‍ യൂറോയായിരുന്ന യൂറോപ്യന്‍ യൂണിയന്റെ കടം 2025-ല്‍ 738.9 ബില്യണ്‍ യൂറോയായി വര്‍ധിച്ചുവെന്ന് കോര്‍ട്ട് ഓഫ് ഓഡിറ്റേഴ്സി’ന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം യൂറോപ്പിലെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ എടുത്ത വായ്പയുമായി ബന്ധപ്പെട്ടതാണ് ഈ കടബാധ്യതയില്‍ ഭൂരിഭാഗവും.

റിക്കവറി ആന്‍ഡ് റെസിലിയന്‍സ് ഫെസിലിറ്റി’ പ്രകാരം 360 ബില്യണ്‍ യൂറോയുടെ ഗ്രാന്റുകളും 213 ബില്യണ്‍ യൂറോയുടെ വായ്പകളുമാണ് അംഗരാജ്യങ്ങള്‍ക്ക് നല്‍കിയത്.

ആര്‍ ആര്‍ എഫ് ഫണ്ടുകളുടെ വിനിയോഗവുമായി ബന്ധപ്പെട്ട 512 തട്ടിപ്പ് കേസുകള്‍ യൂറോപ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അടുത്ത ‘മള്‍ട്ടി ആനുവല്‍ ഫിനാന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക്’ കാലയളവില്‍ യൂറോപ്യന്‍ യൂണിയന്റെ കടബാധ്യതയുടെ പലിശയും മുതലും തിരിച്ചടയ്ക്കുന്നതിന് പ്രതിവര്‍ഷം ഏകദേശം 24 ബില്യണ്‍ യൂറോ ചെലവാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ കണക്കാക്കുന്നു.

കടം തിരിച്ചടയ്ക്കല്‍ നടപടികള്‍ ഔദ്യോഗിക ബജറ്റ് കണക്കുകളില്‍ ഉള്‍പ്പെടുത്താതെ മാറ്റിവയ്ക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് വാദിക്കുന്നു. കൂടാതെ മൊത്തം ബജറ്റില്‍ 10% വര്‍ദ്ധനവ് വരുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

യൂറോപ്യന്‍ യൂണിയന്‍ കണക്കുകളിലെ പിശകുകള്‍

2025-ലെ യൂറോപ്യന്‍ യൂണിയന്‍ കണക്കുകളുടെ വിശ്വാസ്യതയുണ്ടെങ്കിലും പിശക് നിരക്ക് 2024-ലെ 3.6 ശതമാനത്തില്‍ നിന്ന് 3.8 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ക്കും അംഗരാജ്യങ്ങളും യൂറോപ്യന്‍ പാര്‍ലമെന്റും ഉദ്ദേശിച്ച രീതിയിലുമല്ലാതെ ചെലവഴിച്ച തുകകളെയാണ് കോടതി പിശകുകളായി ചൂണ്ടിക്കാട്ടുന്നത്

വരുമാനസ്രോതസ്സുകള്‍ കണ്ടെത്തണം

പ്രതിവര്‍ഷം 60 ബില്യണ്‍ യൂറോ സമാഹരിക്കുന്നതിന് പുതിയ വരുമാന സ്രോതസ്സുകള്‍ ഇ യുവിന് ആവശ്യമാണ്. യൂറോപ്യന്‍ യൂണിയന്റെ കാര്‍ബണ്‍ വിപണിയില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനം, കാര്‍ബണ്‍-തീവ്രമായ ഇറക്കുമതിക്കുള്ള നികുതി, ഉയര്‍ന്ന പുകയില തീരുവ, പുനരുപയോഗം ചെയ്യാത്ത ഇ-വേസ്റ്റിന് മേലുള്ള നികുതി, കോര്‍പ്പറേറ്റ് ലെവി എന്നിവ വരുമാന നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നത്.നാഷണല്‍ റീജിയണല്‍ പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാമുകളില്‍പ്പെടുത്തിയാകും ഈ ഫണ്ടുകള്‍ കൈകാര്യം ചെയ്യുക.

പുതിയ ബജറ്റ് പുതിയ ഘടനയില്‍ ; പരീക്ഷണം വിജയിക്കുമോ

മള്‍ട്ടി ആനുവല്‍ ഫിനാന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക്’ (എം എഫ് എഫ്) എന്ന പുതിയ ഘടനയിലാകും ഇ യുവിന്റെ ഇത്തവണത്തെ ബജറ്റ്.അംഗരാജ്യങ്ങള്‍ ഇതിനകം അംഗീകരിച്ചതാണ് ഈ ഘടന.

ബ്രസ്സല്‍സില്‍ നിന്ന് കൃഷി, ഗ്രാമവികസനം, ഗവേഷണം, ഇറാസ്മസ് പരിപാടികള്‍ തുടങ്ങിയവയിലേക്ക് നേരിട്ട് നിശ്ചിത തുക അനുവദിക്കുന്നതിന് പകരം, യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകള്‍ അംഗരാജ്യങ്ങളുടെ ധനകാര്യ മന്ത്രാലയങ്ങള്‍ക്കാകും കൈമാറുക. ഈ ഫണ്ടുകള്‍ ചെലവഴിക്കുന്ന കാര്യത്തില്‍ അവര്‍ക്ക് കൂടുതല്‍ അധികാരമുണ്ടാകും.

ഇത് ദേശീയ ഭരണകൂടങ്ങള്‍ക്ക് പ്രവര്‍ത്തനപരമായ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാമെന്ന് ഇ സി എ മുന്നറിയിപ്പ് നല്‍കുന്നു. ദേശീയ ബജറ്റുകള്‍ തയ്യാറാക്കുമ്പോള്‍ ഫണ്ടിന്റെ വിഹിതം ആര്‍ക്ക് ലഭിക്കണംമെന്നതിനെച്ചൊല്ലി സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള പതിവ് തര്‍ക്കങ്ങള്‍ ഈ ഭാരം വര്‍ദ്ധിപ്പിച്ചേക്കാമെന്നും സമിതി പറയുന്നു.

വലിയ ലക്ഷ്യങ്ങളുള്ള ബജറ്റുകള്‍ക്ക് അത്രതന്നെ ശക്തമായ സുരക്ഷാ സംവിധാനങ്ങളും ആവശ്യമാണെന്ന് ഇ സി എ പ്രസിഡന്റ് ടോണി മര്‍ഫി അഭിപ്രായപ്പെട്ടു.

അയര്‍ലണ്ടും ഇ യുവും

യൂറോപ്യന്‍ യൂണിയനിലേക്ക് അറ്റ സംഭാവന നല്‍കുന്ന രാജ്യമായി അയര്‍ലന്‍ഡ് തുടരുന്നുവെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. 2025-ല്‍ ഏകദേശം 3.4 ബില്യണ്‍ യൂറോ നല്‍കി. 2.3 ബില്യണ്‍ യൂറോ തിരികെ ലഭിച്ചു. അതായത് 1.1 ബില്യണ്‍ യൂറോയുടെ അറ്റ സംഭാവനയാണ് അയര്‍ലന്‍ഡ് നല്‍കുന്നത്.

നിലവിലെ ബജറ്റ് കാലയളവില്‍ (2021-2027) സി എ പി ഫണ്ടായി രാജ്യത്തിന് 10.7 ബില്യണ്‍ യൂറോ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍, ബജറ്റിന്റെ പുതിയ കരട് പ്രകാരം, അയര്‍ലന്‍ഡിന് പ്രത്യേകമായി മാറ്റിവെച്ച ഫണ്ടായി 8.16 ബില്യണ്‍ യൂറോ മാത്രമേ ലഭിക്കൂ – 24 ശതമാനത്തിന്റെ കുറവാണിത്.

ആര്‍ ആര്‍ എഫ് വീഴ്ചകള്‍

പരമ്പരാഗത ബജറ്റ് ചെലവഴിക്കല്‍ രീതികളില്‍ നിന്ന് ആര്‍ ആര്‍ എഫ് ഫണ്ടുകളുടെ വിനിയോഗം വ്യത്യസ്തമാണെന്ന് ‘കോര്‍ട്ട് ഓഫ് ഓഡിറ്റേഴ്സി’ന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാരണം, ഇതിലെ പണം കൈമാറ്റം യഥാര്‍ത്ഥ ചെലവുകളുമായി ബന്ധിപ്പിച്ചിട്ടില്ല, മാത്രമല്ല യൂറോപ്യന്‍ യൂണിയന്റെയും അതത് രാജ്യങ്ങളുടെയും നിയമങ്ങള്‍ പാലിക്കുക എന്നത് പണം ലഭിക്കുന്നതിനുള്ള നിബന്ധനയുമല്ല.

അതുകൊണ്ടുതന്നെ, ആര്‍ ആര്‍ എഫിന്റെ പ്രവര്‍ത്തനത്തിലുണ്ടായ പിഴവുകള്‍ പുതിയ ബജറ്റ് സംവിധാനത്തിലും ആവര്‍ത്തിക്കപ്പെട്ടേക്കാമെന്ന് കോടതി മുന്നറിയിപ്പ് നല്‍കുന്നു.

വിശ്വസനീയമായ കാരണങ്ങളോ തെളിവുകളോ നല്‍കാതെ തന്നെ, റിക്കവറി പ്ലാനിലെ പ്രതിബദ്ധതകള്‍ ലഘൂകരിക്കാനോ പരിമിതപ്പെടുത്താനോ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ അനുവദിച്ചിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.അയര്‍ലണ്ടിന് 1.15 ബില്യണ്‍ യൂറോയുടെ ഫണ്ട് ലഭിച്ചു. 225 മില്യണ്‍ യൂറോയുടെ അവസാന പേയ്‌മെന്റ് അഭ്യര്‍ത്ഥന സമര്‍പ്പിച്ചിട്ടുണ്ട്.

Get more updates from Pudukad News on Google