ജന്തർ മന്തർ 2.0 പ്രതിഷേധം: എയർപോർട്ടിൽ വച്ച് അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ടെന്നും പിന്നോട്ടില്ലെന്നും അഭിജീത് ദിപ്കെ | Jantar Mantar 2.0
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സി ജെ പി (CJP) പ്രഖ്യാപിച്ച ‘ചലോ ജന്തർ മന്തർ’ സമരത്തിന്റെ ഭാഗമായി ഡൽഹിയിൽ സംഘർഷാവസ്ഥ. സമരത്തിന് നേതൃത്വം നൽകാൻ സി ജെ പി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർ ഇന്ന് രാവിലെ മുംബൈയിൽ നിന്നും ഡൽഹിയിൽ എത്തിച്ചേരും. രാവിലെ 10.15-ന് വിമാനത്താവളത്തിലെത്തുന്ന ഇവർ നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.(Jantar Mantar 2.0 Protest Delhi CJP Leaders Arrest Updates)
എന്നാൽ, വിമാനത്താവളത്തിൽ വെച്ചുതന്നെ തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് നേതാവ് അഭിജീത് ദിപ്കെ പ്രതികരിച്ചു. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും സമാധാനപരമായ പ്രതിഷേധമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ പിന്നോട്ടില്ലെന്നും, തനിക്കെതിരെ യു.എ.പി.എ പോലുള്ള നിയമങ്ങൾ ചുമത്തിയാലും രാജ്യത്ത് സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരം ചെറുക്കുന്നതിന്റെ ഭാഗമായി രാജ്ഭവനും പരിസരപ്രദേശങ്ങളും പൊലീസ് പൂർണ്ണമായും സുരക്ഷാ വലയത്തിലാക്കി. ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകളും, ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ എന്നീ പ്രമുഖ റെയിൽവേ സ്റ്റേഷനുകളും അടച്ചിട്ടാണ് പൊലീസ് പ്രതിരോധം തീർക്കുന്നത്. കൂടാതെ കർത്തവ്യപഥിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ഡൽഹി പൊലീസ് 70 കമ്പനി കേന്ദ്രസേനയെ അധികമായി വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഡൽഹിയിലെ സുരക്ഷാക്രമീകരണങ്ങൾ പുരോഗമിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും സമരത്തിനെത്തുന്നവരെ പൊലീസ് വ്യാപകമായി കസ്റ്റഡിയിലെടുക്കുന്നതായും സി ജെ പിയും ഇടതു സംഘടനകളും ആരോപിച്ചു.
യാത്രാസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള കടുത്ത നടപടികൾക്കെതിരെ സുപ്രീം കോടതി രംഗത്തുവന്നു. ‘ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കേണ്ടതില്ല’ എന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, ട്രെയിൻ-മെട്രോ സർവീസുകൾ പൂർണ്ണമായി നിർത്തിവയ്ക്കരുതെന്ന് കേന്ദ്രസർക്കാരിന് കർശന നിർദ്ദേശം നൽകി. ജനങ്ങളെ ദുരിതത്തിലാക്കാതെ ആവശ്യമായ നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്തിയാൽ മതിയെന്നും കോടതി വ്യക്തമാക്കി.
Story Summary
Leaders of CJP are traveling to Delhi to lead the Jantar Mantar 2.0 protest demanding the resignation of the Chief Election Commissioner, anticipating potential arrest upon arrival. Amidst heavy security deployments, internet shutdowns near Kartavya Path, and widespread station closures by Delhi police, the Supreme Court has advised the government not to completely halt public transport while upholding the state’s right to maintain public order.




