ജന്തർ മന്തറിൽ ഇന്ന് ‘പാറ്റ’കളുടെ രണ്ടാം വരവ്: ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി പ്രതിഷേധം, ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചു, ഇൻ്റർനെറ്റ് സേവനം റദ്ദാക്കി, കനത്ത സുരക്ഷ | CJP protest
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടതു യുവജന-വിദ്യാർത്ഥി സംഘടനകളും സംയുക്തമായി സംഘടപ്പിക്കുന്ന ‘ചലോ ജന്തർ മന്തർ’ പ്രതിഷേധ മാർച്ച് ഇന്ന് ഡൽഹിയിൽ നടക്കും. കർശനമായ സുരക്ഷാ സഡകങ്ങളും കടുത്ത നിയന്ത്രണങ്ങളുമാണ് കേന്ദ്ര സർക്കാർ രാജ്യതലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. സമരത്തെ നേരിടാൻ കാൽ ലക്ഷത്തോളം സുരക്ഷാ സേനാംഗങ്ങളെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്.(CJP protest Jantar Mantar march Chief Election Commissioner resignation)
സമരത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ ഡൽഹിലേക്കുള്ള മുപ്പതിലേറെ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. ഡൽഹിയിലേക്കുള്ള ട്രെയിൻ സർവീസുകൾക്കും നിയന്ത്രണങ്ങൾ ബാധകമാക്കിയിട്ടുണ്ട്. ദീർഘദൂര, ലോക്കൽ ട്രെയിനുകൾക്ക് രാവിലെ 4 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ജൻപത് – കർത്തവ്യപഥിൽനിന്ന് നാലുകിലോമീറ്റർ ചുറ്റളവിൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്.
സമരത്തെ നേരിടാൻ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സും (CRPF) ഡൽഹി പോലീസും ഉൾപ്പെടെ 25,000-ത്തോളം സേനാംഗങ്ങളെയാണ് ഡൽഹിയിൽ രംഗത്തിറക്കിയിട്ടുള്ളത്. ഇതിൽ 23,000 പേരും കേന്ദ്ര സായുധ പൊലീസ് വിഭാഗത്തിൽ നിന്നുള്ളവരാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി ന്യൂഡൽഹിയെ 20 മേഖലകളായി തിരിച്ച് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രധാന സ്ഥലങ്ങളിൽ കൂടുതൽ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പതിനായിരത്തിലധികം പ്രവർത്തകരെ പോലീസ് മുൻകൂറായി തടങ്കലിൽ വച്ചിട്ടുണ്ടെന്ന് സിജെപി ആരോപിച്ചു. നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇത്തരം നിയന്ത്രണങ്ങളെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ എന്നാണ് സിജെപി വിശേഷിപ്പിച്ചത്.
രാവിലെ 10 മണിയോടെ ജന്തർമന്തറിൽ ആരംഭിക്കുന്ന സമരത്തിൽ പ്രതിപക്ഷ നേതാക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കുമെന്നാണ് സൂചന. ഇതിനിടയിൽ, രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്നാവശ്യപ്പെട്ടും ഇന്ത്യാ മുന്നണി നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പുകൾ നീതിപൂർവമല്ല നടക്കുന്നതെന്ന ആരോപണത്തിൽ രാഷ്ട്രപതി കൂടുതൽ തെളിവുകൾ തേടിയതായി രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഈ ആരോപണങ്ങൾ രാഷ്ട്രപതിയുടെ ഓഫീസ് പിന്നീട് തള്ളിക്കളഞ്ഞു.
Story Summary
Opposition parties and CJP are holding a massive protest march at Jantar Mantar in New Delhi today, demanding the resignation of Chief Election Commissioner Gyanesh Kumar. Amidst stringent security measures, internet suspensions, and the deployment of 25,000 security personnel, authorities have also shut down over 30 metro stations and restricted train services to curb the demonstration.




