കാലാവസ്ഥാ സുരക്ഷ ഉറപ്പാക്കണം: ദേശീയ കർമപദ്ധതിയിൽ നിർദേശങ്ങളുമായി കേരളത്തിലെ മൽസ്യത്തൊഴിലാളികൾ

Current: മലയാളം

കൊച്ചി: കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും നിമിത്തം തൊഴിൽ നഷ്ടപ്പെടുന്ന ദിവസങ്ങളിൽ മൽസ്യത്തൊഴിലാളികൾക്ക് പ്രത്യേക ധനസഹായവും സാമൂഹിക സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യം.
ചെറുകിട മൽസ്യമേഖലയ്ക്കായുള്ള ഇന്ത്യയുടെ ദേശീയ കർമപദ്ധതി (നാഷണൽ പ്ലാൻ ഓഫ് ആക്ഷൻ) രൂപീകരണത്തിൽ മത്സ്യമഖലയിൽ പ്രവർത്തിക്കുന്നവരുടെ നിർദേശങ്ങൾ രേഖപ്പെടുത്താൻ കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായുള്ള കൂടിയാലോചന യോഗത്തിലാണ് ഈ നിർദേശം.
കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറക്കാൻ മതിയായ മുന്നൊരുക്കങ്ങളും സുരക്ഷയും ഉറപ്പാക്കണം. ദുരന്തനിവാരണ സൗകര്യങ്ങൾ സ്ഥാപിക്കണം. സാമൂഹിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നയരൂപീകരണങ്ങളുണ്ടാകണം.
സ്ത്രീ തൊഴിലാളികളെ മൽസ്യത്തൊഴിലാളികളായി ഔദ്യോഗികമായി അംഗീകരിക്കണമെന്നും നയരൂപീകരണങ്ങളിൽ അവർക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ (സി.ഐ.എഫ്.ടി) നടന്ന യോഗം ഡയറക്ടർ ഡോ. ജോർജ് നൈനാൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫിഷർ ഓർഗനൈസേഷന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
കേന്ദ്ര ഫിഷറീസ് മന്ത്രാലയവും ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർ-ഗവൺമെന്റൽ ഓർഗനൈസേഷനും (ബിഒബിപി) സംയുക്തമായാണ് ദേശീയതലത്തിൽ മത്സ്യത്തൊഴിലാളി കൂടിയാലോചനകൾ ഏകോപിപ്പിക്കുന്നത്.
പ്രധാന നിർദേശങ്ങൾ:
തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടാൻ ദുരന്തനിവാരണ പദ്ധതികൾ ദേശീയ ഫിഷറീസ് നയത്തിൽ ഉൾപ്പെടുത്തണം.
അശാസ്ത്രീയ മൽസ്യബന്ധനം തടയാൻ വലകളുടെ കണ്ണി വലുപ്പത്തിൽ ഏകീകൃത നിർദേശങ്ങൾ നടപ്പിലാക്കണം.
പരമ്പരാഗത മൽസ്യബന്ധന അവകാശങ്ങൾ സംരക്ഷിക്കുകയും കടൽ വിഭവ മാനേജ്മെന്റിൽ പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയും വേണം.
മൽസ്യ സംസ്കരണം, വിപണനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സംഭാവനകളെ അംഗീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും വേണം.
സംസ്ഥാനങ്ങളിൽ നിന്ന് സമാഹരിക്കുന്ന നിർദേശങ്ങൾ നാഷണൽ ടാസ്ക് ഫോഴ്സിന് സമർപ്പിക്കുമെന്ന് സി.ഐ.എഫ്.ടി എക്സ്റ്റൻഷൻ വിഭാഗം മേധാവി ഡോ. നികിത ഗോപാൽ അറിയിച്ചു.
ദേശീയ കർമപദ്ധതിയുടെ കരട് രൂപം നവംബർ 21-ന് പ്രസിദ്ധീകരിക്കുമെന്ന് ബിഒബിപി ഡയറക്ടർ ഡോ പി. കൃഷ്ണൻ വ്യക്തമാക്കി.
യോഗത്തിൽ വിവിധ സംഘടന പ്രതിനിധികൾ, വനിതാ തൊഴിലാളികൾ, ഗവേഷകർ തുടങ്ങി അമ്പതിലധികം പേർ പങ്കെടുത്തു.






