"> Skip to content
Sample Header Banner
October 15, 2026
⌕
Breaking

യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഹെക്സ്20, ദുബായ് കിരീടാവകാശിക്ക് മുന്നില്‍ അവതരിപ്പിച്ചു

October 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: ടെക്നോപാര്‍ക്ക്-ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പും സ്വകാര്യ മേഖലയില്‍ ഇന്ത്യയുടെ ആദ്യ ഉപഗ്രഹം നിര്‍മ്മിച്ച സ്ഥാപനവുമായ ഹെക്സ്20 യെ ഛിന്നഗ്രഹ പര്യവേഷണ പേടകം വികസിപ്പിക്കുന്നതിനായി യുഎഇ ബഹിരാകാശ ഏജന്‍സി തിരഞ്ഞെടുത്തു.

യുഎഇയുടെ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയാകുന്ന  ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ സ്വകാര്യ കമ്പനിയായി ഇതോടെ ഹെക്സ്20 മാറി.

കമ്പനി വികസിപ്പിച്ച ഛിന്നഗ്രഹ പര്യവേഷണ പേടകത്തിന്‍റെ പ്രധാന ഘടനയും അടിസ്ഥാന സംവിധാനങ്ങളും സോഫ്റ്റ് വെയറും ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് മുന്നില്‍ അവതരിപ്പിച്ചു.


ഛിന്നഗ്രഹ പര്യവേഷണ പേടകം നിര്‍മ്മിക്കുന്നതിനായി ടെക്നോളജി ഇന്നോവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (ടിഐഐ) യുഎഇ ബഹിരാകാശ ഏജന്‍സിയും ചേര്‍ന്ന് 2024 നവംബറില്‍ നടത്തിയ ഡിസൈന്‍ വര്‍ക്ക്ഷോപ്പിന് ശേഷമാണ് ഹെക്സ്20 യെ തിരഞ്ഞെടുത്തത്.


തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ എഞ്ചിനീയറിംഗ് വിഭാഗവും മസ്ദാര്‍ സിറ്റിയില്‍ യുഎഇ പ്രവര്‍ത്തന കേന്ദ്രവുമുള്ള ഹെക്സ്20 ഈ ബൃഹത്തായ ഗ്രഹാന്തര ദൗത്യത്തില്‍ തങ്ങളുടെ ബഹിരാകാശ എഞ്ചിനീയറിംഗ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തും.

ബഹിരാകാശത്തിന്‍റെ വിദൂര മേഖലകളിലെ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന നൂതനമായ ഓണ്‍-ബോര്‍ഡ് കമ്പ്യൂട്ടറും പവര്‍ സിസ്റ്റവും ഹെക്സ്20 വികസിപ്പിച്ചിട്ടുണ്ട്. ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ടും ദൗത്യത്തിന്‍റെ ആവശ്യകതകള്‍ നിറവേറ്റിക്കൊണ്ടും 15 മാസത്തിനുള്ളിലാണ് കമ്പനി ഈ സേവനം പൂര്‍ത്തിയാക്കിയത്.

ഈ നേട്ടം വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങള്‍ക്കായി ബഹിരാകാശ പേടക സംവിധാനങ്ങള്‍ എത്തിക്കുന്നതില്‍ ഹെക്സ്20യുടെ കഴിവുകള്‍ എടുത്തുകാണിക്കുന്നുവെന്ന് ഹെക്സ്20 സിഇഒ അമല്‍ ചന്ദ്രന്‍ പറഞ്ഞു.


ടിഐഐയുടെ പ്രൊപ്പല്‍ഷന്‍ ആന്‍ഡ് സ്പേസ് റിസര്‍ച്ച് സെന്‍റര്‍, യുഎഇ സ്പേസ് ഏജന്‍സി, ഹെക്സ്20, ഖലീഫ യൂണിവേഴ്സിറ്റി, യുഎഇ യൂണിവേഴ്സിറ്റിയുടെ നാഷണല്‍ സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്‍റര്‍ എന്നിവര്‍ സംയുക്തമായാണ് അബുദാബിയില്‍ വെച്ച് പര്യവേഷണ പേടകം കൂട്ടിയോജിപ്പിച്ചത്.


എംബിആര്‍ എക്സ്പ്ലോററുമായി സംയോജിപ്പിക്കുന്നതിനായി ഇത് കൊളറാഡോയിലേക്ക് കൊണ്ടുപോകും. 2028 മാര്‍ച്ചില്‍ വിക്ഷേപിക്കാന്‍ നിശ്ചയിച്ചിട്ടുള്ള എംബിആര്‍ എക്സ്പ്ലോറര്‍ എട്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം അഞ്ച് ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിക്കും.

ശുക്രന്‍, ഭൂമി, ചൊവ്വ എന്നിവയുടെ ഗുരുത്വാകര്‍ഷണ സഹായത്തോടെയുള്ള സഞ്ചാരപാതയിലൂടെ ഇത് പ്രധാന ഛിന്നഗ്രഹ വലയത്തിലേക്ക്  പ്രവേശിക്കും. അവിടെ ആറ് ഛിന്നഗ്രഹങ്ങളെ പിന്നിട്ട ശേഷം അന്തിമ ലക്ഷ്യസ്ഥാനമായ 269 ജസ്റ്റിഷ്യ എന്ന ഛിന്നഗ്രഹത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംബിആര്‍ എക്സ്പ്ലോറര്‍ 269 ജസ്റ്റിഷ്യയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ പേടകം വേര്‍പെടുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

269 ജസ്റ്റിഷ്യയുടെ ഉപരിതലത്തെക്കുറിച്ച് പഠിക്കുന്നതിലൂടെ സൗരയൂഥത്തിന്‍റെ രൂപീകരണകാലത്ത് ജൈവ വസ്തുക്കളുടെയും ജലത്തിന്‍റെയും മറ്റ് അസ്ഥിര പദാര്‍ത്ഥങ്ങളുടെയും വിതരണത്തെക്കുറിച്ചുള്ള തെളിവുകള്‍ നല്‍കാനായേക്കും.


എംബിആര്‍ എക്സ്പ്ലോറര്‍ ദൗത്യ നിയന്ത്രണ കേന്ദ്രവുമായി ബന്ധത്തില്‍ തുടരുമ്പോള്‍ പേടകം അതിന്‍റെ ഓണ്‍ബോര്‍ഡ് പ്രോഗ്രാം ഭൂമിയിലെ ഓപ്പറേറ്റര്‍മാരുടെ നിയന്ത്രണമില്ലാതെ സ്വതന്ത്രമായി നിര്‍വഹിക്കണം.


 സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ സ്വയം നിയന്ത്രണ ശേഷി ഹെക്സ്20 വികസിപ്പിച്ചെടുത്ത ഒരു സുപ്രധാന കഴിവാണ്. ഭൂമിയിലെ വിവിധ നിരീക്ഷണ ആവശ്യങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താം.

അമേരിക്ക, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ ഹെക്സ്20 യ്ക്ക് സാന്നിധ്യമുണ്ട്. പേലോഡ്-അഗ്നോസ്റ്റിക് ആയ സാറ്റലൈറ്റ് പ്ലാറ്റ് ഫോമുകള്‍ നിര്‍മ്മിക്കുന്ന കമ്പനി ‘സാറ്റലൈറ്റ് മിഷന്‍-ആസ്-എ-സര്‍വീസ്’, ഭ്രമണപഥത്തിലെ പരീക്ഷണങ്ങള്‍ക്കുള്ള പേലോഡ് ഹോസ്റ്റിംഗ് സൗകര്യങ്ങള്‍ എന്നിവയും ലഭ്യമാക്കുന്നു.

Get more updates from Pudukad News on Google