
സൂപ്പർഹിറ്റ് ചിത്രം ‘സർവ്വം മായ’യ്ക്ക് ശേഷം നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം ‘ബേബി ഗേൾ’ ഈ മാസം തീയറ്ററുകളിലെത്തും. ‘ഗരുഡൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു മെഡിക്കൽ ത്രില്ലറായാണ് ഒരുങ്ങുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.
സനൽ മാത്യുവായി നിവിൻ
ചിത്രത്തിൽ ‘സനൽ മാത്യു’ എന്ന ഹോസ്പിറ്റൽ അറ്റൻഡന്റായാണ് നിവിൻ പോളി എത്തുന്നത്. സാധാരണക്കാരനായ ഒരു കഥാപാത്രത്തിന്റെ വൈകാരികമായ നിമിഷങ്ങളിലൂടെയും ഉദ്വേഗഭരിതമായ സംഭവങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് സഖ്യം മാജിക് ഫ്രെയിംസിനു വേണ്ടി തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
പ്രത്യേകതയായി ‘നാല് ദിവസക്കാരൻ’ താരം
ജനിച്ചു നാലു ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നു എന്നത് ‘ബേബി ഗേളി’ന്റെ വലിയൊരു സവിശേഷതയാണ്. ‘ജയ് ഭീം’ ഫെയിം ലിജോ മോളാണ് ചിത്രത്തിലെ നായിക. സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നു.
വൻ താരനിര
അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ജനുവരി അവസാനത്തോടെ തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പബ്ലിസിറ്റി ഡിസൈനുകൾ യെല്ലോ ടൂത്ത്സും മാർക്കറ്റിംഗ് ആഷിഫ് അലിയുമാണ് നിർവ്വഹിക്കുന്നത്.
ഛായാഗ്രഹണം ഫയസ് സിദ്ദിഖ്, സംഗീതം സാം സി.എസ്, എഡിറ്റിംഗ് ഷൈജിത്ത് കുമാരൻ, കല അനീസ് നാടോടി, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം മെൽവി ജെ, സ്റ്റണ്ട്: വിക്കി.
The post വീണ്ടും ഹിറ്റടിക്കാൻ നിവിൻ പോളി; ‘ബേബി ഗേൾ’ ജനുവരിയിൽ തീയറ്ററുകളിലേക്ക് appeared first on Express Kerala.



