Skip to content
November 21, 2026
⌕

റോഡിലൂടെ ഉരുണ്ടുനീങ്ങി കൂറ്റൻ മത്തങ്ങ! എഐ വീഡിയോയെന്ന് സംശയം; സംഭവം അമേരിക്കയിൽ | Giant Runaway Pumpkin Viral Video

October 15, 2026
Share this post to
Giant Runaway Pumpkin Viral Video

വാഷിങ്ടൺ: തിരക്കേറിയ റോഡിലൂടെ കൂറ്റൻ ഓറഞ്ച് നിറത്തിലുള്ള മത്തങ്ങ ഉരുണ്ടുനീങ്ങുന്നു! കണ്ടവരെ അമ്പരപ്പിച്ച ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അമേരിക്കയിലെ അയോവ സംസ്ഥാനത്തുള്ള ഡുബ്യൂക്ക് നഗരത്തിലാണ് ശക്തമായ കാറ്റിൽ ഹാലോവീൻ അലങ്കാരത്തിനായി സ്ഥാപിച്ചിരുന്ന കൂറ്റൻ ഇൻഫ്ലേറ്റബിൾ മത്തങ്ങ നിയന്ത്രണം വിട്ട് റോഡിലേക്ക് നീങ്ങിയത്. (Giant Runaway Pumpkin Viral Video)

നഗരത്തിലെ പംപ്കിൻഫെസ്റ്റ് ആഘോഷങ്ങൾക്ക് മുന്നോടിയായാണ് സംഭവം. റോഡിലെ സുരക്ഷാ, ട്രാഫിക് ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ മത്തങ്ങ റോഡിലൂടെ തെന്നിനീങ്ങുന്നതും പാർക്ക് ചെയ്തിരുന്ന കാറുകളിൽ ഇടിക്കുന്നതും കാണാം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇതൊരു എഐ നിർമിത വീഡിയോയാണെന്ന സംശയവും ഉയർന്നു. സംഭവസമയത്ത് കാറോടിക്കുകയായിരുന്ന പാം മക്കാറൺ എന്ന യുവതി മത്തങ്ങ പെട്ടെന്ന് മുന്നിലെത്തിയതോടെ അമ്പരന്നു. “ഇത് എഐ നിർമിതമല്ല. യഥാർഥത്തിൽ സംഭവിച്ചതാണ്. ആ മത്തങ്ങയുടെ മുന്നിലെത്തിയ കാറിലുണ്ടായിരുന്നത് ഞാനാണ്,” എന്ന് അവർ പ്രാദേശിക മാധ്യമമായ ഡബ്ല്യുഎംബിഎഫിനോട് പറഞ്ഞു. മത്തങ്ങ തന്റെ കാറിൽ ഇടിക്കുമോ, അതിന് മുകളിലൂടെ ഉരുണ്ടുപോകുമോ എന്നായിരുന്നു ആദ്യം ആശങ്കയെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ വലിയ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നഗര അധികൃതർ പിന്നീട് ട്രാഫിക് ക്യാമറാ ദൃശ്യങ്ങൾ നർമം കലർന്ന കുറിപ്പോടെ പങ്കുവച്ചു. വാഹനങ്ങൾക്കോ പാർക്കിങ് മീറ്ററുകൾക്കോ മത്തങ്ങകൾക്കോ ഗുരുതരമായ പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു അവരുടെ രസകരമായ പ്രതികരണം.
അതേസമയം, ശക്തമായ കാറ്റുള്ളപ്പോൾ ഹാലോവീൻ അലങ്കാരങ്ങൾ സുരക്ഷിതമായി കെട്ടിയുറപ്പിക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വീടുകൾക്കു മുന്നിലെ പ്രേതരൂപങ്ങൾ, കൂറ്റൻ അസ്ഥികൂടങ്ങൾ, ഇൻഫ്ലേറ്റബിൾ മത്തങ്ങകൾ തുടങ്ങിയ അലങ്കാരങ്ങൾ കാറ്റിൽ പറന്ന് റോഡിലെത്തുന്നത് അപകടങ്ങൾക്ക് കാരണമാകാമെന്നും അവർ ഓർമിപ്പിച്ചു.

Summary: A giant inflatable pumpkin broke loose during strong winds in Dubuque, Iowa, and rolled down a busy road, bumping into parked cars. Traffic cameras captured the unusual incident, and a witness confirmed that the video was real, not AI-generated. No major damage or injuries were reported, but city officials urged residents to secure their Halloween decorations during windy weather.

Get more updates from Pudukad News on Google