രാഷ്ട്രീയം കക്ഷികൾക്കപ്പുറം; വസ്ത്രധാരണത്തിലും ഭക്ഷണത്തിലും അഭിപ്രായപ്രകടനത്തിലും രാഷ്ട്രീയമുണ്ടെന്ന് നിഖില വിമൽ | Nikhila Vimal college event

Current: മലയാളം

മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളജിൽ നടന്ന പരിപാടിക്കിടെ രാഷ്ട്രീയം സംബന്ധിച്ച പ്രിൻസിപ്പലിന്റെ പരാമർശത്തോട് വേദിയിൽവെച്ച് വിയോജിപ്പ് പ്രകടിപ്പിച്ച് നടി നിഖില വിമൽ. ജാതി, മതം, വർഗീയത എന്നിവയെപ്പോലെ രാഷ്ട്രീയബോധവും ഒഴിവാക്കേണ്ടതാണെന്ന നിലയിലുള്ള പരാമർശത്തോടാണ് നടി പ്രതികരിച്ചത്. കക്ഷിരാഷ്ട്രീയത്തിനപ്പുറം ഓരോരുത്തരുടെയും ജീവിതത്തിലും തീരുമാനങ്ങളിലും രാഷ്ട്രീയത്തിന് സ്ഥാനമുണ്ടാകണമെന്നാണ് നിഖിലയുടെ നിലപാട്. “ജാതി, മത, വർഗീയ ബോധങ്ങൾ നമുക്കുണ്ടാകരുത്, പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവർക്കും ഉണ്ടായിരിക്കണം” എന്നായിരുന്നു നിഖിലയുടെ വാക്കുകൾ. താൻ ഉദ്ദേശിക്കുന്നത് കക്ഷിരാഷ്ട്രീയമല്ലെന്നും അവർ വ്യക്തമാക്കി. (Nikhila Vimal college event)
എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം, എന്ത് സംസാരിക്കണം, എങ്ങനെ പ്രവർത്തിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും നിഖില പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ വ്യക്തമായ രാഷ്ട്രീയബോധം പുലർത്തണമെന്നാണ് വിദ്യാർഥികളോടുള്ള തന്റെ നിർദേശമെന്നും അവർ കൂട്ടിച്ചേർത്തു. നിഖിലയുടെ പ്രസംഗത്തിന്റെ വിഡിയോ പഴശ്ശിരാജ കോളജ് യൂണിയനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. “തിരുത്തേണ്ടത് ആരെയായാലും ഞങ്ങൾ തിരുത്തും സാർ… നിഖില വിമൽ” എന്ന തലക്കെട്ടോടെയാണ് വിഡിയോ പ്രചരിക്കുന്നത്. നടിയുടെ നിലപാടിനെ പിന്തുണച്ചും അഭിപ്രായം പങ്കുവച്ചും നിരവധി പേർ വിഡിയോയ്ക്ക് താഴെ പ്രതികരിക്കുന്നുണ്ട്.
Summary: Actor Nikhila Vimal expressed disagreement with a college principal’s remarks about avoiding political consciousness during an event at Pazhassi Raja NSS College in Mattannur. She said politics should be part of everyone’s lives, clarifying that she was referring to broader social and personal choices rather than party politics. A video of her speech shared by the college union has drawn attention on social media.






