‘ദേശീയ പതാക ഉയർത്താൻ ജയിലിൽ പോകാനും തയ്യാറാണ്’; ഡൽഹിയിലും മുംബൈയിലും പ്രതിഷേധത്തിനൊരുങ്ങി സിജെപി | CJP Abhijeet Dipke protest

Current: മലയാളം

ന്യൂഡൽഹി: ഡൽഹിയിലും മുംബൈയിലും ഇന്ന് നടക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി, ആവശ്യമെങ്കിൽ ജയിലിൽ പോകാനും തയ്യാറാണെന്ന് കോക്ക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. ദേശീയ പതാക ഉയർത്തുന്നതിന്റെ പേരിൽ ജയിലിലടയ്ക്കേണ്ടിവന്നാലും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടെന്നും നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ തന്നെ പിന്തുടരുന്നുണ്ടെന്നും ദിപ്കെ ആരോപിച്ചു. (CJP Abhijeet Dipke protest)
ഡൽഹി പൊലീസ് തന്നെ ഇന്ന് രാത്രിയോ നാളെ രാവിലെയോ കസ്റ്റഡിയിലെടുത്തേക്കാമെന്നും എന്നാൽ ഇതൊന്നും ഭയപ്പെടില്ലെന്നും ദിപ്കെ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ത്രിവർണ പതാക ഉയർത്താൻ ജയിലിൽ പോകേണ്ടിവന്നാൽ അതിനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കി സ്വതന്ത്രവും നിഷ്പക്ഷവുമായ രീതിയിൽ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യമെന്ന് ദിപ്കെ പറഞ്ഞു. ഈ ആവശ്യം ഉന്നയിക്കുന്നത് കുറ്റമാണോയെന്നും ഭരണമാറ്റമല്ല തങ്ങൾ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെ തുടർന്നാണ് പ്രതിഷേധം.
ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ വൈകിട്ട് അഞ്ചിന് ദേശീയ പതാക ഉയർത്താനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഒക്ടോബർ 16, 17 തീയതികളിൽ സെൻട്രൽ പാർക്ക് അടച്ചിടുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ അറിയിച്ചു. ഡൽഹിയിൽ ഏകദേശം 6,000 പൊലീസിനെയും അർധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ സെൻട്രൽ പാർക്കിൽ ദേശീയ പതാകയേന്തി ദേശീയഗാനം ആലപിക്കാൻ 11 പേരടങ്ങുന്ന സംഘത്തെ മാത്രമേ അനുവദിക്കാനാകൂവെന്ന് ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതിഷേധം തടയണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. എന്നാൽ പ്രതിഷേധം നിയന്ത്രിക്കുമെന്ന പൊലീസിന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തിയിരുന്നു. നൂറിടങ്ങളിൽ പതാക ഉയർത്താൻ തീരുമാനിച്ചാൽ അവിടെയെല്ലാം അടച്ചിടുമോയെന്നും ദിപ്കെ ചോദിച്ചു.
മുംബൈയിലെ ആസാദ് മൈതാനത്ത് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമാനമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജയിലിലുള്ള പാർട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റങ്കയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. പ്രതിഷേധത്തിനായി മുംബൈ പൊലീസ് അനുമതി നൽകിയിട്ടുണ്ട്. ജന്തർ മന്തറിൽ അതിക്രമിച്ചു കയറി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച കേസിൽ ദാസിനെയും റങ്കയെയും ബുധനാഴ്ച അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
Summary: CJP founder Abhijeet Dipke said he was ready to go to jail ahead of protests in Delhi and Mumbai demanding the removal of Chief Election Commissioner Gyanesh Kumar. Delhi Police deployed around 6,000 personnel and restricted participation at Connaught Place, while Mumbai Police permitted a parallel protest at Azad Maidan.






