
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ തന്ത്രി കണ്ഠര് രാജീവരർ അറസ്റ്റിലായതിന് പിന്നാലെ രൂക്ഷവിമർശനവുമായി രാഹുൽ ഈശ്വർ. തന്ത്രിയെ ബലിയാടാക്കി യഥാർത്ഥ പ്രതികളെയും ഭരണപരമായ വീഴ്ചകളെയും മറച്ചുപിടിക്കാനാണ് പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെടാത്ത വ്യക്തിയാണ് കണ്ഠര് രാജീവരർ എന്നും, നീതി നടപ്പിലാക്കേണ്ട കോടതിയുടെ അന്തിമ വിധി വരുന്നത് വരെ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യരുതെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.
ഭരണപരമായ കാര്യങ്ങളിൽ തന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമില്ലെന്നും വിശ്വാസപരമായ കാര്യങ്ങളിൽ മാത്രമാണ് അദ്ദേഹത്തിന് അധികാരമെന്നും രാഹുൽ ചൂണ്ടിക്കാട്ടി. സ്വർണ്ണം കൊണ്ടുപോകാൻ തന്ത്രി അനുമതി നൽകിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. ‘അയ്യപ്പൻ കെ.ജി.എഫിലെ റോക്കി ഭായിയെപ്പോലെ പ്രതികാരദാഹിയല്ല, യോഗീ ഭാവത്തിലിരിക്കുന്ന മൂർത്തിയാണെന്നും’ സർക്കാരിനെതിരായ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റ് എന്നും അദ്ദേഹം പരിഹസിച്ചു. ‘തന്ത്രി ദേവന്റെ അനുമതി വാങ്ങിയില്ല, ആചാര്യ കാര്യങ്ങളിൽ വീഴ്ചവരുത്തി… ഇതൊക്കെ പറയുന്നത് ആരാണ്, പോലീസാണ്. അനുമതി കൊടുത്തോ ഇല്ലയോ എന്ന് അറിയാൻ പോലീസ് അയ്യപ്പന്റെ മൊഴി എടുത്തിരുന്നോ? ശബരിമലയിലെ ആചാരങ്ങൾ എന്തൊക്കെയാണെന്ന് എസ്ഐടിക്ക് എങ്ങനെയാണ് അറിയാവുന്നത് എന്ന് രാഹുൽ ഈശ്വർ ചോദിച്ചു.
Also Read: ‘ആ വാചകങ്ങൾക്ക് എന്റെ ജീവന്റെ തുടിപ്പുണ്ട്’; മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യത്തിന് നന്ദി പറഞ്ഞ് അതിജീവിത
ശാസ്ത്രജ്ഞൻ നമ്പി നാരായണനെപ്പോലെ പല പ്രമുഖരെയും മുൻപ് ഇത്തരത്തിൽ കള്ളക്കേസുകളിൽ കുടുക്കിയിട്ടുണ്ടെന്നും കാലം സത്യം തെളിയിക്കുമെന്നും രാഹുൽ പ്രത്യാശ പ്രകടിപ്പിച്ചു. തന്ത്രി കണ്ഠരര് രാജീവരർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, ഹൈക്കോടതിയുടെ മുൻ ഉത്തരവുകളിൽ ഒന്നും തന്ത്രിക്കെതിരെ പരാമർശമില്ലെന്നും ഓർമ്മിപ്പിച്ചു. ഹൈക്കോടതിയും അയ്യപ്പനും നീതി നടപ്പാക്കുമെന്നാണ് വിശ്വാസമെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
The post ‘പോലീസ് അയ്യപ്പന്റെ മൊഴിയെടുത്തോ’? തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റിനെ പരിഹസിച്ച് രാഹുൽ ഈശ്വർ appeared first on Express Kerala.



