മാറ്റങ്ങള് അറിയേണ്ടേ…അയര്ലണ്ടിലെ ലേണേഴ്സ് ഡ്രൈവിംഗ് പെര്മിറ്റ്: പുതിയ നിയമങ്ങള് നവംബര് ഒന്നു മുതല് പ്രാബല്യത്തില്

Current: മലയാളം

ഡബ്ലിന്: അയര്ലണ്ടിലെ ലേണേഴ്സ് ഡ്രൈവിംഗ് പെര്മിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള് നവംബര് ഒന്നു മുതല് പ്രാബല്യത്തിലെത്തും. തേര്ഡ്,ഫോര്ത്ത് ലേണേഴ്സ് പെര്മിറ്റിന് അപേക്ഷിക്കണമെങ്കില് കഴിഞ്ഞ രണ്ട് വര്ഷത്തിനുള്ളില് നിങ്ങള് ഡ്രൈവിംഗ് ടെസ്റ്റ് എഴുതിയിരിക്കണമെന്നതാണ് നിയമത്തിലെ ശ്രദ്ധേയ മാറ്റം. ഡ്രൈവിംഗ് ടെസ്റ്റിന് തീയതി ലഭിച്ചാല് മാത്രം പോരാ; നിര്ബന്ധമായും ടെസ്റ്റ് എഴുതിയിരിക്കണമെന്നും നിയമം നിര്ദ്ദേശിക്കുന്നു.
ലേണേഴ്സ് പെര്മിറ്റുകളുടെ കാലാവധി
ആദ്യത്തെ ലേണേഴ്സ് പെര്മിറ്റിലുള്ളവരുടെ കാലാവധി നവംബര് 1-ന് ശേഷമാണ് തീരുന്നതെങ്കില് പോലും ഡ്രൈവിംഗ് ടെസ്റ്റ് എഴുതാതെ തന്നെ സെക്കന്റ് പെര്മിറ്റിന് അപേക്ഷിക്കാം. എന്നാല് തേര്ഡ് പെര്മിറ്റിന് അപേക്ഷിക്കണമെങ്കില്, അതിനുമുമ്പ് ടെസ്റ്റ് എഴുതിയിരിക്കണം.
തേര്ഡ് പെര്മിറ്റിന് രണ്ട് വര്ഷവും ഫോര്ത്ത് പെര്മിറ്റിന് ഒരു വര്ഷവുമാണ് കാലാവധി. ഏഴ് വര്ഷത്തിന് ശേഷമോ നാല് പെര്മിറ്റുകള്ക്ക് ശേഷമോ ലേണേഴ്സ് പെര്മിറ്റ് പുതുക്കാന് കഴിയില്ല ഈ ഘട്ടത്തിലും ടെസ്റ്റ് പാസ്സായില്ലെങ്കില് ഫോര്ത്ത് പെര്മിറ്റിന്റെ കാലാവധി കഴിയുമ്പോള് ഡ്രൈവിംഗ് പഠനം ആദ്യം മുതല് തുടങ്ങേണ്ടിവരും.
തിയറി ടെസ്റ്റ് പാസാവുകയും പുതിയ ലേണേഴ്സ് പെര്മിറ്റ് നേടുകയും 12 എസന്ഷ്യല് ഡ്രൈവര് ട്രെയിനിംഗ് (ഇ ഡി ടി) സെഷനുകളും ആവര്ത്തിക്കുകയും വേണം. ടെസ്റ്റിന് അപേക്ഷിക്കുന്നതിന് മുമ്പുള്ള ആറ് മാസത്തെ കാത്തിരിപ്പ് കാലാവധി വീണ്ടും ബാധകമാകും.
കാലാവധി തീരുന്ന തീയതി പരിശോധിക്കണം
പെര്മിറ്റിന്റെ കാലാവധി തീരുന്ന തീയതി പരിശോധിക്കണമെന്ന് അധികൃതര് ഓര്മ്മിപ്പിക്കുന്നു. ടെസ്റ്റ് അപേക്ഷ ‘പോസ്ഡ’ (താല്ക്കാലികമായി നിര്ത്തിവച്ചത്) എന്നാണ് കാണിക്കുന്നതെങ്കില്, മൈ റോഡ് സേയ്ഫ്ടി അക്കൗണ്ടില് ലോഗിന് ചെയ്ത് ചെക്ക് ആപ്ലിക്കേഷന് സ്റ്റാറ്റസ് തിരഞ്ഞെടുക്കണം.അവിടെ വിവരങ്ങള് അപ്ഡേറ്റ് ചെയ്യാം. ഡ്രൈവിംഗ് ടെസ്റ്റ് ഇന്വൈറ്റേഷന് സ്വീകരിക്കാനും തയ്യാറാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യാം.
അസുഖം കാരണമോ രേഖകളിലെ പ്രശ്നം മൂലമോ ടെസ്റ്റ് റദ്ദാക്കേണ്ടി വന്നാല് എത്രയും വേഗം മറ്റൊരു തീയതി നിശ്ചയിക്കേണ്ടതുണ്ട്. ആര് എസ് എയാണ് ടെസ്റ്റ് റദ്ദാക്കുന്നതെങ്കില്, അവര് മറ്റൊരു അപ്പോയിന്റ്മെന്റിന് മുന്ഗണന നല്കും.എന്നിരുന്നാലും പെര്മിറ്റിന്റെ കാലാവധി തീരുന്നതിന് മുമ്പ് അത് ലഭിക്കുമെന്ന് ഉറപ്പില്ലെന്നാണ് സൂചന.






