ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞു. എട്ടുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ടത് മധ്യപ്രദേശിൽ നിന്ന് രാജസ്ഥാനിലെ ക്ഷേത്രത്തിലേക്ക് പോയ സംഘം

Current: മലയാളം

കോട്ട: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള ഡ്രെയിനേജ് ഓടയിലേക്ക് മറിഞ്ഞ് എട്ടുപേർ ദാരുണമായി മരിച്ചു.
രാജസ്ഥാനിലെ കോട്ട ജില്ലയിൽ ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന 17 യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.
മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് രാജസ്ഥാനിലെ പ്രശസ്തമായ ഖാതു ശ്യാം ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോയ തീർത്ഥാടകരാണ് ദുരന്തത്തിൽപ്പെട്ടത്. മുതിർന്ന പൗരന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആകെ 25 പേരാണ് ബസിലുണ്ടായിരുന്നത്.
എക്സ്പ്രസ് വേയിലെ പില്ലർ നമ്പർ 384-ന് സമീപം എത്തിയപ്പോൾ അപ്രതീക്ഷിതമായി ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, റോഡരികിലെ ബാരിക്കേഡുകൾ തകർത്ത് വാഹനം താഴ്ചയിലുള്ള വലിയ ഡ്രെയിനേജ് തോട്ടിലേക്ക് തലകീഴായി മറിയുകയുമായിരുന്നു.
അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. ഓടയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്നത് തുടക്കത്തിൽ അകത്തു കുടുങ്ങിയവരെ പുറത്തെടുക്കുന്നതിന് കടുത്ത വെല്ലുവിളി സൃഷ്ടിച്ചു. തുടർന്ന് ക്രെയിനുകൾ എത്തിച്ച് ബസ് ഉയർത്തിയാണ് ആളുകളെ പുറത്തെടുത്തത്. എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
പരിക്കേറ്റ 17 യാത്രക്കാരെയും കോട്ടയിലെ രണ്ട് പ്രധാന ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കോട്ട ജില്ലാ കളക്ടർ പീയൂഷ് സമരിയയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഉടൻതന്നെ ആശുപത്രികളിലെത്തി പരിക്കേറ്റവർക്ക് അടിയന്തരവും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം നൽകി.
ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ സാങ്കേതിക തകരാറാണോ അപകടത്തിന് വഴിവെച്ചതെന്ന് കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






