നിയമവിരുദ്ധ ഒത്തുചേരലുകൾക്കെതിരെ കുവൈത്തിൽ കർശന പരിശോധന; പ്രവാസികൾക്ക് ജാഗ്രതാ നിർദേശം

Current: മലയാളം

കുവൈത്ത്: രാജ്യത്ത് അനുമതിയില്ലാതെ നടക്കുന്ന നിയമവിരുദ്ധ ഒത്തുചേരലുകൾ തടയുന്നതിനായി സുരക്ഷാ പരിശോധന കർശനമാക്കി കുവൈത്ത് അധികൃതർ. ട്യൂഷൻ സെന്ററുകൾ, അനധികൃത ബേബി സിറ്റിംഗുകൾ, വിവിധ ആഘോഷങ്ങൾ എന്നിവയുടെ പേരിൽ നടക്കുന്ന കൂട്ടായ്മകൾ കർശന നിരീക്ഷണത്തിലാണ്.
അബ്ബാസിയ, മംഗഫ് തുടങ്ങിയ പ്രവാസി കേന്ദ്രങ്ങളിലെ കെട്ടിടങ്ങളുടെ ബേസ്മെന്റുകൾ, സ്കൂളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക അനുമതിയില്ലാതെ നടക്കുന്ന പരിപാടികൾ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
വാരാന്ത്യ അവധി ദിവസങ്ങളിലും വെള്ളിയാഴ്ചകളിലും ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലൈസൻസില്ലാതെ നടത്തുന്ന ഒത്തുചേരലുകൾക്കെതിരെ കർശന നടപടിയുണ്ടാകും.
രാജ്യവ്യാപകമായി സുരക്ഷാ പരിശോധന ശക്തമാക്കിയ സാഹചര്യത്തിൽ, മതിയായ അംഗീകാരമില്ലാത്ത ഇത്തരം പരിപാടികളിൽ പങ്കെടുക്കരുതെന്ന് വിദേശികൾക്ക് എംബസികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.






