പിണറായി വിജയന്റെ വീട്ടിലെത്തി ഇ.ഡി. വീടിന്റെ ഭിത്തിയിൽ സമൻസ് പതിച്ചു. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ ഔദ്യോഗികമായി അറിയിക്കാൻ നീക്കം. നടപടി അന്യായമെന്ന് വി. ശിവൻകുട്ടി

Current: മലയാളം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് പതിച്ചു.
സി.എം.ആർ.എൽ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത പുതിയ ഇ.സി.ഐ.ആർ (ECIR) പ്രകാരമുള്ള ചോദ്യം ചെയ്യലിനായി വരുന്ന വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
ഇ.ഡി ഉദ്യോഗസ്ഥർ എത്തുമ്പോൾ പിണറായി വിജയൻ വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് സമൻസ് വീടിന്റെ ഭിത്തിയിൽ പതിച്ച് സംഘം മടങ്ങിയത്. സമൻസ് പതിച്ച നടപടി അങ്ങേയറ്റം അന്യായവും പ്രതിഷേധാർഹവുമാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.
കേസിൽ പിണറായി വിജയൻ സുപ്രീം കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇ.ഡിയുടെ നിർണ്ണായക നീക്കം. എന്നാൽ വെള്ളിയാഴ്ച നടക്കുന്ന ചോദ്യം ചെയ്യലിന് അദ്ദേഹം ഹാജരായേക്കില്ലെന്നാണ് വിവരം. നിലവിൽ നടക്കുന്ന നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ ഔദ്യോഗികമായി അറിയിക്കാനാണ് നീക്കം.
ഇതോടൊപ്പം സുപ്രീം കോടതിയിൽ നിലനിൽക്കുന്ന നിയമനടപടികളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയേക്കും. മുൻ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി സ്പെഷ്യൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഡൽഹിയിൽനിന്ന് നേരിട്ട് കൊച്ചിയിൽ എത്തുമെന്നാണ് സൂചന.
പിണറായി വിജയനോട് സ്വത്തുവിവരങ്ങളുടെ കൃത്യമായ രേഖകൾ ഹാജരാക്കാൻ ഇ.ഡി നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, വിദേശത്ത് സ്വത്തുണ്ടെങ്കിൽ അതിന്റെ പൂർണ്ണ വിവരങ്ങൾ, കഴിഞ്ഞ 10 വർഷത്തെ ആദായനികുതി റിട്ടേണുകൾ, നാട്ടിലും വിദേശത്തുമുള്ള കുടുംബാംഗങ്ങളുടെ സാമ്പത്തിക വിവരങ്ങൾ, സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, പാസ്പോർട്ട് എന്നിവ സഹിതം ഹാജരാകാനാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം, ആളെ കണ്ടുകിട്ടാത്ത സാഹചര്യങ്ങളിൽ മാത്രമാണ് സാധാരണ നോട്ടീസ് പതിക്കാറുള്ളതെന്നും, ഒരു പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ ഇത്തരത്തിൽ നോട്ടീസ് പതിച്ചത് അസാധാരണവും പ്രതിഷേധാർഹവുമാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഈ രാഷ്ട്രീയ പകപോക്കലിനെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.






