ആധാറും യുപിഐയും ഇന്ത്യയുടെ കരുത്ത്; ലോകത്തെ മികച്ച 10 ഘടനാപരമായ പരിഷ്കാരങ്ങളിൽ ഇടംപിടിച്ച് ഡിജിറ്റൽ സംവിധാനം | India digital public infrastructure ranking

Current: മലയാളം

ഇന്ത്യയുടെ ആധാർ, യുപിഐ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ലോകത്തിലെ ഏറ്റവും ഫലപ്രദമായ 10 ഘടനാപരമായ പരിഷ്കാരങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. കെയർഎഡ്ജ് ഗ്ലോബൽ റേറ്റിങ്സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റത്തിന് അംഗീകാരം ലഭിച്ചത്. 38 രാജ്യങ്ങളിലെ 43 പരിഷ്കാരങ്ങൾ വിലയിരുത്തിയ ശേഷമാണ് മികച്ച പത്ത് പരിഷ്കാരങ്ങളെ തിരഞ്ഞെടുത്തത്. (India digital public infrastructure ranking)
രാജ്യത്തെ 130 കോടിയിലധികം ആളുകളിലേക്ക് ആധാർ സേവനങ്ങൾ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജനസംഖ്യയുടെ ഏകദേശം 95 ശതമാനത്തോളം പേർക്ക് ആധാർ ലഭ്യമാണ്. വ്യക്തികളുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനും വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ആധാർ പ്രധാന പങ്കുവഹിക്കുന്നു. ഡിജിറ്റൽ പണമിടപാടുകളുടെ വളർച്ചയിലും യുപിഐ നിർണായകമാണ്. പ്രതിമാസം 1,300 കോടിയിലധികം ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ 85 ശതമാനത്തിലധികം ഇടപാടുകളും ഡിജിറ്റൽ സംവിധാനത്തിലൂടെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ഏജൻസികൾ, നിയന്ത്രണ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഫിൻടെക് കമ്പനികൾ എന്നിവ തമ്മിലുള്ള സഹകരണമാണ് ഇന്ത്യയുടെ ഡിജിറ്റൽ സംവിധാനത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് കെയർഎഡ്ജ് വിലയിരുത്തുന്നു. സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനും ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനം വർധിപ്പിക്കുന്നതിനും ഈ സംവിധാനങ്ങൾ സഹായിച്ചു. ആഗോള പട്ടികയിലെ പത്ത് പരിഷ്കാരങ്ങളിൽ എട്ടെണ്ണം യൂറോപ്പ്, ഏഷ്യ-പസഫിക് മേഖലകളിൽ നിന്നുള്ളവയാണ്. ഇരു മേഖലകളിൽനിന്നും നാല് പരിഷ്കാരങ്ങൾ വീതം പട്ടികയിൽ ഇടം നേടി. ഗ്രീസിലെ നികുതി സംവിധാനത്തിന്റെ ഡിജിറ്റലൈസേഷൻ, ജർമനിയുടെ കടനിയന്ത്രണ സംവിധാനം, സൈപ്രസിലെ ബാങ്കിങ് പരിഷ്കാരങ്ങൾ, ഫിലിപ്പീൻസിലെ പ്രോജക്ട് റീപീൽ എന്നിവയും ശ്രദ്ധേയമായ പരിഷ്കാരങ്ങളായി റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
Summary: India’s Aadhaar and UPI-based digital public infrastructure has been recognised among the world’s 10 most effective structural reforms, according to a CareEdge Global Ratings report. The study assessed 43 reforms across 38 countries, highlighting India’s progress in digital identity and payments.






