loader image
ഫ്‌ളാറ്റിലെ തീപിടിത്തം കൊലപാതകം; പ്രണയാഭ്യർത്ഥന നിരസിച്ചതിന് 34-കാരിയെ 18-കാരൻ കൊലപ്പെടുത്തി

ഫ്‌ളാറ്റിലെ തീപിടിത്തം കൊലപാതകം; പ്രണയാഭ്യർത്ഥന നിരസിച്ചതിന് 34-കാരിയെ 18-കാരൻ കൊലപ്പെടുത്തി

ബെംഗളൂരു: രാമമൂർത്തി നഗറിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് ബെംഗളൂരു പൊലീസ് കണ്ടെത്തി. ശർമിള (34) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ 18-കാരൻ കർണൽ ഖുറായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി അഞ്ചിന് നടന്ന സംഭവം വെറുമൊരു അപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ സത്യം പുറത്തുവരികയായിരുന്നു.

സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ ശർമിള സുഹൃത്തിനൊപ്പമാണ് ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. സുഹൃത്ത് മുംബൈയിലേക്ക് പോയതിനാൽ ശർമിള ഒറ്റയ്ക്കായ സമയം നോക്കിയാണ് തൊട്ടടുത്ത ഫ്‌ളാറ്റിലെ താമസക്കാരനായ കുടക് സ്വദേശി കർണൽ ഖുറായി അതിക്രമിച്ചു കയറിയത്. ബാൽക്കണി വഴി അകത്തെത്തിയ പ്രതി ശർമിളയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ശർമിള ശക്തമായി എതിർത്തതോടെ, പ്രതി തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Also Read: പ്രസിനുള്ളിൽ പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യ; ജീവനക്കാരിക്കും പൊള്ളലേറ്റു

കൊലപാതകത്തിന് ശേഷം സംഭവം അപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി ക്രൂരമായ നീക്കങ്ങളാണ് നടത്തിയത്. ശർമിളയെ കൊലപ്പെടുത്തിയ ശേഷം പ്രതി കിടപ്പുമുറിയിലെ സാധനങ്ങളും തലയിണയും കൂട്ടിയിട്ട് കത്തിക്കുകയും തുടർന്ന് അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു. പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും പൊലീസിന്റെ സൂക്ഷ്മപരിശോധനയിൽ നിർണ്ണായകമായ ചില വൈരുദ്ധ്യങ്ങൾ കണ്ടെത്തി. കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായതെങ്കിലും ശർമിളയുടെ മൃതദേഹം കണ്ടെത്തിയത് അടുക്കളയിലായിരുന്നു. തീപിടിച്ച സ്ഥലത്തുനിന്ന് മാറിയായിരുന്നിട്ടും ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഇല്ലാതിരുന്നത് പൊലീസിൽ സംശയമുണ്ടാക്കി. ഇതിനുപുറമെ, ശ്വാസംമുട്ടി മരിച്ചവരുടെ ശ്വാസകോശത്തിൽ കാണാറുള്ള കരിയുടെ അംശം ശർമിളയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്ന മെഡിക്കൽ റിപ്പോർട്ട് കൊലപാതകത്തിലേക്ക് വിരൽചൂണ്ടി. ഇതോടെയാണ് വെറുമൊരു അപകടമെന്ന് കരുതിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.

See also  യുഎഇ സമ്പദ്‌വ്യവസ്ഥ: പ്രതിസന്ധികൾക്കിടയിലും കുതിപ്പിന്റെ കരുത്ത്; എസ് ആന്റ് പി റേറ്റിംഗിൽ തിളക്കം

The post ഫ്‌ളാറ്റിലെ തീപിടിത്തം കൊലപാതകം; പ്രണയാഭ്യർത്ഥന നിരസിച്ചതിന് 34-കാരിയെ 18-കാരൻ കൊലപ്പെടുത്തി appeared first on Express Kerala.

Spread the love

New Report

Close