ഡൽഹിയിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് ആശ്വാസം. ഫോം 6 വഴി വീണ്ടും പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി ഹൈക്കോടതി ഹർജി തീർപ്പാക്കി. തെറ്റായ സത്യവാങ്മൂലം എന്ന ഭയം വേണ്ടെന്ന് കോടതി. വോട്ടർ പരിശോധനയിലെ ആശങ്കകൾക്ക് പരിഹാരം

Current: മലയാളം

ന്യൂഡൽഹി: ഡൽഹിയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയ്ക്കിടെ (SIR) പേര് നീക്കം ചെയ്യപ്പെട്ടവർക്ക് വീണ്ടും പട്ടികയിൽ ഇടംപിടിക്കാൻ ആശ്വാസകരമായ അവസരം.
വോട്ടർ കണക്കെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ഫോം 6 സമർപ്പിച്ച് പേര് വീണ്ടും രജിസ്റ്റർ ചെയ്യാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. കമ്മീഷന്റെ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഇതേത്തുടർന്ന് സമർപ്പിക്കപ്പെട്ട ഹർജി തീർപ്പാക്കി.
താമസസ്ഥലം മാറിയതിനാൽ പരിശോധനാ ഫോറം യഥാസമയം പൂരിപ്പിച്ചു നൽകാൻ സാധിച്ചില്ലെന്നും ഇതിന്റെ പേരിൽ തങ്ങളുടെ പേരുകൾ അന്യായമായി വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയെന്നുമാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്.
നിലവിലെ വോട്ടർമാരായ തങ്ങളോട് പുതുതായി വോട്ട് ചേർക്കുന്നവർക്കുള്ള ഫോം 6 സമർപ്പിക്കാൻ ആവശ്യപ്പെടുന്നത് ചട്ടവിരുദ്ധമാണെന്നും, പകരം മണ്ഡലം മാറ്റാനും തിരുത്തലുകൾക്കുമുള്ള ഫോം 8 അനുവദിക്കണമെന്നുമായിരുന്നു അവരുടെ വാദം.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഫോം 6 തന്നെയാണ് ചട്ടപ്രകാരമുള്ള മാർഗ്ഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 1960-ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങൾ അനുസരിച്ച് ഫോം 6 സമർപ്പിച്ചാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ തുടർനടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷകൻ കോടതിയിൽ ഉറപ്പുനൽകി.
പുതിയ അപേക്ഷകരെപ്പോലെ ഫോം 6 നൽകുമ്പോൾ ആദ്യമായാണ് വോട്ട് ചേർക്കുന്നതെന്ന് രേഖപ്പെടുത്തേണ്ടി വരുമെന്നും, അത് തെറ്റായ സത്യവാങ്മൂലമായി കണ്ട് നടപടി വരുമോ എന്നുമായിരുന്നു ഹരജിക്കാരുടെ ആശങ്ക.
ഇത്തരം ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസുമാരായ ദിനേഷ് മേത്ത, അദിതി ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് അപേക്ഷ നൽകുന്നത് എന്നതിനാൽ തെറ്റായ സത്യവാങ്മൂലമെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഹരജിക്കാർക്ക് താല്പര്യമുണ്ടെങ്കിൽ നിയമാനുസൃതമായി ഫോം 6 സമർപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്.






