വീര്യം കൂടിയ വൈൻ വിവാദത്തിൽ സതീശൻ നിരപരാധി. അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തി 15.5 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈൻ ഉത്പാദിപ്പിച്ച് വിൽക്കാൻ അനുമതി നൽകിയത് പിണറായി സർക്കാർ. 10,000 രൂപ വാർഷിക ഫീസ് ഈടാക്കി ലൈസൻസ് നൽകാൻ കഴിയും. മദ്യനയം വരും മുമ്പ് സർക്കാരുമായി ആലോചിക്കാതെ ലൈസൻസ് നൽകിയത് തോന്ന്യാസം. ലൈസൻസ് റദ്ദാക്കി, ഡെപ്യൂട്ടി കമ്മീഷണറെയും തെറിപ്പിച്ച് മന്ത്രി ലിജു. മന്ത്രിമാരെ ഇരുട്ടിൽ നിർത്തി തീരുമാനങ്ങൾ എടുക്കുന്ന ഉദ്യോഗസ്ഥ ലോബിക്ക് താക്കീത്

Current: മലയാളം

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ശോഭ കളയാണെന്നോണം വകുപ്പ് മന്ത്രിമാരെ പോലും ഇരുട്ടിൽ നിർത്തി തീരുമാനങ്ങൾ എടുക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ.
എന്നാല് കുറ്റക്കാർക്ക് എതിരായ മിന്നൽ നടപടികളൂമായി കയ്യടി നേടുകയാണ് എക്സൈസ് മന്ത്രി എം. ലിജു. ഹോർട്ടി വൈൻ വിൽക്കാൻ ബേക്കറിക്ക് ലൈസെൻസ് കൊടുത്ത എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ അനിൽകുമാറിനെ നീക്കി. ഹോർട്ടി വൈൻ വിൽക്കാൻ ഉള്ള തീരുമാനം റദ്ദാക്കുകയും ചെയ്തു.
2004ൽ പിണറായി സര്ക്കാര് എടുത്ത തീരുമാനത്തിൻ്റെ മറവിൽ ആയിരുന്നു ഹോർട്ടി വൈൻ വിൽക്കാനുള്ള അനുമതി.
കൊച്ചിയിൽ മിനി കൂപ്പർ അപകടമുണ്ടാക്കിയ 19-കാരൻ സുഹൈലിന് മദ്യം വിളമ്പിയതിന് മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് നിയമലംഘനത്തിന് സസ്പെൻഡ് ചെയ്തിരുന്നു. അതിൽ ഒന്ന് കോർട്ട്യാർഡ് ബൈ മാരിയറ്റ് എന്നാണ് വാർത്തകൾ. വമ്പന്മാർക്ക് എതിരായ നടപടികളും സര്ക്കാര് അതിവേഗത്തിൽ കൈക്കൊള്ളുന്നുണ്ട്.
ബാറുകളിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സ്റ്റിംഗ് ഓപ്പറേഷനിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണവിധേയമായി അടിയന്തരമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തും ലിജു കൈയ്യടി നേടിയിരുന്നു.
മുൻ സർക്കാർ അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തി, 15.5 ശതമാനം ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈൻ ബേക്കറികളടക്കമുള്ളവ വഴി വിൽക്കാനെടുത്ത തീരുമാനം സമൂഹത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ഈ സർക്കാരിനുണ്ട് എന്ന് മന്ത്രി ലിജു വിശദീകരിച്ചു. അതീവ ഗൗരവത്തിൽ കാണേണ്ടുന്ന വിഷയമാണിത്.
2024 ജനുവരിയിലാണ് എൽ.ഡി.എഫ് സർക്കാർ അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തിയാണ്, 15.5 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈൻ ഉത്പാദിപ്പിച്ച് ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, ഷോപ്പിംഗ് മാൾ, ബേക്കറി എന്നിവകളിൽ വിൽപ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത്.
10,000 രൂപ വീതം വാർഷിക ഫീസ് ഈടാക്കി എക്സൈസ് കമ്മീഷണറുടെ അനുമതിയോടുകൂടി ജോയിന്റ് എക്സൈസ് കമ്മീഷണർമാർക്ക് വിൽപ്പനയ്ക്കുള്ള ലൈസൻസ് നൽകാൻ ഈ ഉത്തരവ് പ്രകാരം കഴിയും.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, 2025 നവംബർ 20 ന് ലഭിച്ച ഒരപേക്ഷയിന്മേൽ ഈ വർഷം ജൂൺ 21 ന് എക്സൈസ് കമ്മീഷണറേറ്റിൽ നിന്ന് ഒരു ബേക്കറിക്ക് ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് അനുവദിച്ചുനൽകിയിരുന്നു.
എന്നാൽ, സർക്കാരുമായി ഒരു കൂടിയാലോചനകളും നടത്താതെ ഉദ്യോഗസ്ഥ തലത്തിൽ ലൈസൻസിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിറക്കിയത് ഗൗരവത്തിൽ തന്നെയാണ് വകുപ്പ് മന്ത്രിയെന്ന നിലയിൽ കാണുന്നത്.
മുൻ സർക്കാരിന്റെ നയം അനുസരിച്ച് ഒരു നടപടി സ്വീകരിക്കുമ്പോൾ സർക്കാരിനെ ഇക്കാര്യം അറിയിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം നിലവിൽ വന്നിട്ടില്ലെന്ന യാഥാർഥ്യം കൂടി നിലനിൽക്കെ.
അതിനാൽത്തന്നെ, ഹോർട്ടി വൈൻ വിൽക്കുന്നതിനുവേണ്ടി പ്രസ്തുത ബേക്കറിക്ക് നൽകിയ ലൈസൻസ് അടിയന്തരമായി റദ്ദാക്കാനുള്ള തീരുമാനം സ്വീകരിച്ചുകഴിഞ്ഞു. വിഷയത്തിൽ എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മാത്രമല്ല, വിഷയത്തിൽ സർക്കാരിനെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നതിൽ പങ്കുവഹിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമുണ്ടാകും.
വസ്തുതകൾ ഇതാണ്:
2024 -ൽ എൽ ഡി എഫ് ഗവണ്മെന്റ് മദ്യ നയത്തിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചു. അതിലെ ചില ഘടകങ്ങൾ ഇതൊക്കെയായിരുന്നു.
1. ഐ.ടി. പാർക്കുകളിൽ ക്ലബ് മാതൃകയിൽ മദ്യം വിൽക്കാനും വിളമ്പാനും അനുമതി നൽകാനുള്ള തീരുമാനം
2. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ടൂറിസം സീസണിൽ, യോഗ്യതയുള്ള റെസ്റ്റോറന്റുകളിൽ ബിയർ, വൈൻ എന്നിവയും നിശ്ചിത ഹോട്ടലുകളിലും റിസോർട്ടുകളിലും കള്ളും വിൽക്കാനുള്ള പ്രൊപ്പോസൽ.
3. ‘കേരള ടോഡി’ എന്ന ബ്രാൻഡ്, കള്ളുഷാപ്പുകളുടെ നവീകരണം, ഉൽപ്പാദന നിയന്ത്രണങ്ങളിൽ ഇളവ്, കള്ളിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ
4.പ്രവർത്തിക്കാതിരുന്ന 559 അംഗീകൃത ഔട്ട്ലെറ്റുകളിൽ 250 എണ്ണം വീണ്ടും തുറക്കാനുള്ള നിർദേശം
5. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെയും ബിയറിന്റെയും ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക, മദ്യനിർമാണത്തിനാവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ രാജ്യത്തിനകത്ത് ഉൽപ്പാദിപ്പിക്കുക…
6. പഴങ്ങളിൽനിന്നും മറ്റ് കാർഷിക ഉൽപ്പന്നങ്ങളിൽനിന്നും കുറഞ്ഞ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ നിർമിക്കാൻ നിയമപരമായ സൗകര്യം ഒരുക്കുക. ഹോർട്ടി വൈൻ വിൽപ്പനയ്ക്കുള്ള പ്രത്യേക ചട്ടഭേദഗതി 2024 ജനുവരിയിൽ കൊണ്ടുവന്നു.
വീര്യം കൂടിയ വൈൻ വിൽപ്പനയെ അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമാണ്.
മലയാളികൾക്ക് മദ്യത്തിന്റെ കാര്യത്തിൽ നല്ലൊന്നാന്തരം കപട സദാചാരവാദമുണ്ട് എന്നാണ് ആരോപണം.
പാലക്കാടിനേക്കാൾ വരൾച്ചയുള്ള സ്ഥലങ്ങളിൽ ഉത്പാദിപ്പിക്കുന്ന മദ്യം കുടിക്കുകയും അത് കലക്കിയ പെട്രോൾ ഒഴിച്ച് വണ്ടി ഓടിക്കുകയും ചെയ്യുമെങ്കിലും അത് പാലക്കാട് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെ എതിർക്കും!
മുക്കിന് മുക്കിന് മദ്യവിൽപ്പനശാലകൾ ഉള്ള സംസ്ഥാനങ്ങളിൽ മദ്യം വാങ്ങാൻ ആരും ക്യൂ നിൽക്കുന്നില്ല എന്ന് പറഞ്ഞ് മലയാളികളെ കുറ്റപ്പെടുത്തും.
അത് മദ്യഷോപ്പുകളുടെ എണ്ണം ആ സംസ്ഥാനങ്ങളിൽ കൂടുതലായതുകൊണ്ടാണ് എന്നും കേരളത്തിൽ മദ്യഷോപ്പുകൾ വർദ്ധിപ്പിച്ചാൽ നീണ്ട ക്യൂകൾ ഇല്ലാതാവും എന്നും പറഞ്ഞാൽ അതിനെ കുറ്റം പറയും.
വിദേശങ്ങളിൽ ലോക്കൽ മദ്യം വിൽക്കുന്നതിനെ അവിടെപ്പോയി യൂട്യൂബ് വീഡിയോ ഇട്ട് പ്രോത്സാഹിപ്പിക്കും. കേരളത്തിൽ ചാരായം നിരോധിച്ചതിന് കയ്യടിക്കും.
മദ്യം ഉത്പാദിപ്പിക്കുന്നതും വിൽക്കുന്നതും കയറ്റുമതി ചെയ്യുന്നതും ധാരാളം തൊഴിലുകൾ സൃഷ്ടിക്കുന്ന വ്യവസായമാണ്.
ഇവിടെ മറ്റ് നാടുകളിൽ ഉത്പാദിപ്പിക്കുന്ന മദ്യം വിറ്റാൽ മതി എന്ന നിലപാടാണ് പലർക്കും- ഇങ്ങനെ പോവുന്നു സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ.


