സർ സയ്യിദ് ഇന്ത്യ കണ്ട അതുല്യ പ്രതിഭ: ഡോ. ഹുസൈൻ മടവൂർ

Current: മലയാളം

കോഴിക്കോട്: അലിഗർ പ്രസ്ഥാനത്തിന്റെ ശിൽപിയും അലിഗർ മുസ്ലിം സർവകലാശാലയുടെ സ്ഥാപകനുമായ സർ സയ്യിദ് അഹ്മദ് ഖാൻ ഇന്ത്യ കണ്ട അതുല്യ പ്രതിഭയായിരുന്നുവെന്ന് ഡൽഹിയിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ (HRDF) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
സർ സയ്യിദ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സർ സയ്യിദ് ദിനാഘോഷത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് ജനിച്ച സർ സയ്യിദ് അഹ്മദ് ഖാൻ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി സയന്റിഫിക് സൊസൈറ്റിയും അലിഗർ പ്രസ്ഥാനവും സ്ഥാപിച്ചത് വിസ്മയകരമായ നേട്ടമാണെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. പിന്നീട് മുഹമ്മദൻസ് ആംഗ്ലോ-ഓറിയന്റൽ സ്കൂൾ സ്ഥാപിച്ച് വിദ്യാഭ്യാസം ലഭിക്കാതിരുന്ന മുസ്ലിംകളിലെയും മറ്റു പിന്നാക്ക വിഭാഗങ്ങളിലെയും വിദ്യാർഥികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തി. ഈ സ്ഥാപനമാണ് പിന്നീട് അലിഗർ മുസ്ലിം സർവകലാശാലയായി വളർന്നത്.

കേരളമുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഒരുകാലത്ത് ഉന്നത പഠനത്തിനായി അലിഗറിലേക്ക് പോയിരുന്നുവെന്നും അലിഗറിലെ പൂർവവിദ്യാർഥി കൂടിയായ അദ്ദേഹം അനുസ്മരിച്ചു.
ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചമെത്തിച്ച മഹാമനീഷിയെ കേന്ദ്ര-സംസ്ഥാന സർക്കാറുകളും സാംസ്കാരിക പ്രവർത്തകരും മാധ്യമങ്ങളും വേണ്ടവിധം ഓർക്കാത്തത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർ സയ്യിദ് പുരസ്കാരം ഉസ്മാൻ ഒഞ്ചിയത്തിന്
ഈ വർഷത്തെ സർ സയ്യിദ് പുരസ്കാരം പ്രമുഖ പ്രവാസി സാഹിത്യകാരനും സാമൂഹിക പ്രവർത്തകനുമായ ഉസ്മാൻ ഒഞ്ചിയത്തിന് ഡോ. അബ്ദുസ്സമദ് സമദാനി എം.പി. സമ്മാനിച്ചു.
വിശുദ്ധ ഖുർആനിലെ ആദ്യ വചനമായ ‘ഇഖ്റഅ്’ (വായിക്കുക) എന്ന ആഹ്വാനമാണ് സർ സയ്യിദിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രചോദനമായതെന്ന് ഡോ. അബ്ദുസ്സമദ് സമദാനി പറഞ്ഞു. വിജ്ഞാനരംഗത്ത് മനുഷ്യർ ഉയർന്നുവരണമെന്ന സന്ദേശത്തിന്റെ ഭാഗമായാണ് ആ വചനം അലിഗർ സർവകലാശാലയുടെ ലോഗോയിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സർ സയ്യിദ് ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. മുഹമ്മദ് ഹസ്സൻ അധ്യക്ഷത വഹിച്ചു. ഹാഷിം ശിഹാബ് തങ്ങൾ പുരസ്കാര ജേതാവിനെ പൊന്നാടയണിയിച്ചു. ഡോ. കുഞ്ഞാലി പ്രത്യേക സപ്ലിമെന്റ് പ്രകാശനം ചെയ്തു.
മുതിർന്ന പത്രപ്രവർത്തകൻ നവാസ് പൂനൂർ, വി.പി. സദാനന്ദൻ, കെ.പി. ജമ്പിച്ചി മമ്മു ഹാജി, സി.പി. അലി, ആറ്റക്കോയ പള്ളിക്കണ്ടി, കെ.പി. ഇബ്രാഹിം ഒഞ്ചിയം, പി.ടി. നിസാർ, റഷീദ് പി.സി. പാലം എന്നിവർ സംസാരിച്ചു.


