വീഴ്ചകൾ അക്കമിട്ട് നിരത്തി കണ്ണൂർ സിപിഎമ്മിൽ സ്വയംവിമർശനം. പയ്യന്നൂർ തോൽവിയുടെ ഉത്തരവാദിത്വം ഏരിയാ കമ്മിറ്റിക്ക്. ധനരാജ് ഫണ്ട് വിവാദം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചു. കുഞ്ഞികൃഷ്ണന്റെ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിലും പ്രതിരോധിക്കുന്നതിലും പരാജയപ്പെട്ടു. കെ.കെ. ശൈലജയെ ഒതുക്കിയെന്ന പ്രചാരണം തിരിച്ചടിയായി. എം.വി ഗോവിന്ദനെ മാത്രം പഴിപറയാനാവില്ലെന്ന് ഒരു വിഭാഗം നേതാക്കൾ. എ.എൻ. ഷംസീറിനെ സെക്രട്ടറിയാക്കണമെന്നും ആവശ്യം

Current: മലയാളം

കണ്ണൂർ: സംഘടനാ രംഗത്തെ ഗുരുതര വീഴ്ചകളും തെരഞ്ഞെടുപ്പ് പരാജയങ്ങളും തുറന്നുകാട്ടി സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സ്വയംവിമർശനം.
ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന ഔദ്യോഗിക നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും, വിഷയം സാധാരണ ജനങ്ങൾക്ക് മുന്നിൽ കൃത്യമായി വിശദീകരിച്ച് ബോധ്യപ്പെടുത്തുന്നതിൽ പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചതായി യോഗം വിലയിരുത്തി.
പയ്യന്നൂരിലെ പാർട്ടിയുടെ ഞെട്ടിക്കുന്ന തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്വം ഏരിയാ കമ്മിറ്റിക്കാണെന്ന് ചർച്ചകളിൽ വിമർശനമുയർന്നു.
പാർട്ടിയെ വഞ്ചിക്കുക എന്ന വ്യക്തമായ അജണ്ടയോടെ പ്രവർത്തിച്ച വി. കുഞ്ഞികൃഷ്ണന്റെ പാർട്ടി വിരുദ്ധ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിലും പ്രതിരോധിക്കുന്നതിലും പയ്യന്നൂർ നേതൃത്വം സമ്പൂർണ്ണ പരാജയമായിരുന്നു. പയ്യന്നൂരിന് പുറമെ മട്ടന്നൂർ ഏരിയാ കമ്മിറ്റിയുടെ പ്രവർത്തന ശൈലിക്കെതിരെയും യോഗത്തിൽ രൂക്ഷമായ വിമർശനങ്ങളുണ്ടായി.
മുൻ മന്ത്രി കെ.കെ. ശൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചത് അവരെ പാർട്ടിയിൽ ഒതുക്കാൻ വേണ്ടിയാണെന്ന രാഷ്ട്രീയ പ്രചാരണം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയതും തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയാക്കുന്നതിൽ വഴിവിട്ട് ഇടപെട്ടു എന്ന ആരോപണവും ഉയർന്നെങ്കിലും, കേന്ദ്രീകൃത ജനാധിപത്യ സ്വഭാവമുള്ള പാർട്ടിയിൽ ഒരാളെ മാത്രം പ്രതിക്കൂട്ടിലാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഒരു വിഭാഗം നേതാക്കൾ അദ്ദേഹത്തെ ശക്തമായി പ്രതിരോധിച്ചു.
അതിനിടെ, സംഘടനയെ ചലിപ്പിക്കാൻ എ.എൻ. ഷംസീറിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യവും ചില പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു.
ദസറ, മഹാനവമി ആഘോഷങ്ങൾ കണ്ണൂർ നഗരത്തിൽ സജീവമായി നടക്കുന്നതിനാൽ, വിപുലീകൃത സംസ്ഥാന സമിതിയോടനുബന്ധിച്ച് നടത്താനിരുന്ന പൊതുറാലി ഈ മാസം 25-ലേക്ക് മാറ്റിയിട്ടുണ്ട്. യോഗം ഇന്ന് ഔദ്യോഗികമായി സമാപിക്കും.






