ജനിച്ച് മിനിറ്റുകൾ മാത്രം; കൈകൾ തലയ്ക്കുപിന്നിൽ വെച്ച് കാലും മടക്കിയുള്ള കിടപ്പ്! വൈറലായി നവജാതശിശുവിന്റെ വീഡിയോ | Egyptian doctor viral newborn video

Current: മലയാളം

ജനിച്ച് മിനിറ്റുകൾ മാത്രം പിന്നിട്ട നവജാതശിശുവിന്റെ വ്യത്യസ്തമായ കിടപ്പുരീതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇരുകൈകളും തലയ്ക്കുപിന്നിൽ വെച്ച് ഒരു കാൽ മറ്റേ കാലിന് മുകളിലായി മടക്കി, വളരെ ശാന്തമായി കിടക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ കൗതുകവും ചിരിയും നിറയ്ക്കുകയാണ്. ഈജിപ്തിലെ കെയ്‌റോയിൽ പ്രവർത്തിക്കുന്ന ശിശുരോഗ വിദഗ്ധനും നവജാതശിശു പരിചരണ വിദഗ്ധനുമായ ഡോ. ഇസ്‌ലാം എൽദെഹ് ആണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കുഞ്ഞിന്റെ ശാന്തമായ മുഖഭാവവും വിശ്രമിക്കുന്നതുപോലെയുള്ള കിടപ്പുരീതിയുമാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്. ‘ബേബി കിങ്! എന്റെ ആവേശം ക്ഷമിക്കണം’ എന്ന അടിക്കുറിപ്പോടെയാണ് ഡോക്ടർ ദൃശ്യങ്ങൾ പങ്കുവെച്ചത്. (Egyptian doctor viral newborn video)
View this post on Instagram
സാധാരണയായി ജനിച്ചയുടൻ കരയുന്ന കുഞ്ഞുങ്ങളെയാണ് പലരും പ്രതീക്ഷിക്കാറുള്ളത്. എന്നാൽ ഈ കുഞ്ഞിന്റെ ശാന്തമായ ഇരിപ്പും ആത്മവിശ്വാസം തോന്നിക്കുന്ന ശരീരഭാഷയും സമൂഹമാധ്യമങ്ങളിൽ രസകരമായ പ്രതികരണങ്ങൾക്ക് വഴിയൊരുക്കി. ജനിച്ച ദിവസം മുതൽ തന്നെ വിശ്രമിക്കാനുള്ള വിദ്യ കുഞ്ഞ് പഠിച്ചുകഴിഞ്ഞെന്നാണ് പലരുടെയും തമാശ. കുഞ്ഞ് ജനിച്ചത് തന്നെ ക്ഷീണിച്ചാണെന്നും ഇനി വിശ്രമിക്കണമെന്നുമുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. പുതിയ തലമുറയായ ‘ജനറേഷൻ ബീറ്റ’ ജോലി-ജീവിത സന്തുലിതാവസ്ഥ ജനിച്ചയുടൻ സ്വന്തമാക്കിയെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. കുഞ്ഞിന്റെ പോസ് കണ്ടാൽ ഫോട്ടോ എടുക്കാൻ തയ്യാറെടുക്കുന്നതുപോലെയാണെന്നും ചിലർ തമാശയായി കുറിച്ചു.
എന്നാൽ, നവജാതശിശുക്കളുടെ മുഖഭാവങ്ങളെയും ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങളെയും മുതിർന്നവരുടെ ചിന്തകളുമായോ വ്യക്തിത്വവുമായോ നേരിട്ട് ബന്ധപ്പെടുത്താനാവില്ല. ജനനത്തിനു പിന്നാലെ ചില കുഞ്ഞുങ്ങൾ ശാന്തമായും അനങ്ങാതെയും ഇരിക്കുന്ന ഘട്ടങ്ങളിലൂടെ കടന്നുപോകാറുണ്ട്. അത്തരമൊരു സ്വാഭാവിക നിമിഷം തന്നെയാണ് ഈ വീഡിയോയിലൂടെ ശ്രദ്ധ നേടിയത്.
Summary: An Egyptian paediatrician shared a video of a newborn lying in an unusually relaxed pose just minutes after birth. The baby’s hands-behind-the-head posture and crossed leg amused social media users, prompting jokes about stress-free living. However, newborns’ expressions and postures do not necessarily reflect conscious thoughts or personality traits.






