സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് എസ്ബിഐ; വ്യക്തിവിവരങ്ങള്‍ അടങ്ങിയ 3897 രേഖകള്‍ ഡാര്‍ക്ക് വെബില്‍

Current: മലയാളം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) സൈബര്‍ ആക്രമണം. ഡാര്‍ക്ക് വെബില്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുള്ള 3,897 രേഖകള്‍ ചോര്‍ന്നുവെന്നാണ് ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 16ന് ബാങ്കിന്റെ ത്രെട്ട് ഇന്റലിജന്‍സ് സര്‍വീസ് പ്രൊവൈഡര്‍, ഡിഫന്‍സ് സൈബര്‍ ഏജന്‍സി, സെര്‍ട്ട്-ഇന്‍ എന്നിവയില്‍ നിന്നാണ് ഡാര്‍ക്ക് വെബില്‍ ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചതെന്ന് എസ്ബിഐ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നല്കിയ ഫയലിങ്ങില്‍ വ്യക്തമാക്കി.
ഡാര്‍ക്ക് വെബില്‍ ലഭ്യമായ ഏകദേശം 3.75 ലക്ഷത്തോളം വരുന്ന രേഖകളില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയത്.
ഉപഭോക്താക്കളുടെ പേര്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍, ജനനത്തീയതി, ഇമെയില്‍ വിലാസങ്ങള്‍, റസിഡന്‍ഷ്യല്‍ വിലാസങ്ങള്‍, ബ്രാഞ്ച്, സിഐഎഫ് തിരിച്ചറിയല്‍ നമ്പറുകള്‍, വായ്പയുമായി ബന്ധപ്പെട്ട രേഖകള്‍, മെറ്റഡേറ്റ എന്നിവയാണ് ചോര്‍ന്നത്.
സുരക്ഷാ വീഴ്ചയില്‍ ബാങ്ക് നടപടി സ്വീകരിച്ചിട്ടുണ്ട്. ചോര്‍ച്ചയുടെ വ്യാപ്തിയും സ്വഭാവവും സമഗ്രമായി അന്വേഷിക്കുന്നതിനായി സ്വതന്ത്ര സൈബര്‍ സുരക്ഷാ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എസ്ബിഐ അറിയിച്ചു.
ഡേറ്റ ചോര്‍ച്ച ബാങ്കിന്റെ പ്രധാന ബിസിനസ്സ് പ്രവര്‍ത്തനങ്ങളെയോ സാമ്പത്തിക സ്ഥിരതയെയോ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. സാമ്പത്തിക സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സൈബര്‍ ഭീഷണികള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ ധകാര്യ റെഗുലേറ്റര്‍മാര്‍ ബാങ്കുകളോട് സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.






