കോവളം സ്പാ പീഡനം: സ്പാകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന. കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് നിരവധി സ്പാകളിൽ പങ്കാളിത്തം . ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ കോവളത്ത് എത്തിച്ചതും അനുരൂപുമായി സംസാരിച്ചതിന് ശേഷം. ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം

Current: മലയാളം

തിരുവനന്തപുരം: കോവളത്തെ സ്പായുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. സംഭവത്തിൽ ഉൾപ്പെട്ട മനുഷ്യക്കടത്ത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നതെന്നും സംസ്ഥാനത്തെ സ്പാകൾ കേന്ദ്രീകരിച്ച് കർശനവും വ്യാപകവുമായ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവളം സ്പാ കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണി തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളുടെ ഉടമസ്ഥതയിലുള്ള നാല് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവിക പണമിടപാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഉള്ളൂർ സോണൽ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച ശേഷമാണ് അനുരൂപ് സ്പാ ബിസിനസുകളിലേക്ക് കടന്നത്. പീഡനം നടന്ന കോവളത്തെ സ്പാ ഇയാളുടെ ബെനാമി സ്ഥാപനമാണെന്ന് വ്യക്തമായിട്ടുണ്ട്.
കൂടാതെ മറ്റ് രണ്ട് സ്പാകളുടെ നടത്തിപ്പിലും ഇയാൾക്ക് നേരിട്ട് പങ്കാളിത്തമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ കോവളത്ത് എത്തിച്ചതും അനുരൂപുമായി സംസാരിച്ചതിന് ശേഷമാണ്.
അറസ്റ്റിലായതിനെത്തുടർന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് അനുരൂപിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാളെ സർവീസിൽ നിന്ന് സ്ഥിരമായി പിരിച്ചുവിടാനുള്ള നടപടികളിലേക്ക് നഗരസഭ കടന്നിരിക്കുകയാണ്.
അതേസമയം, കേസിൽ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ചുപോയ ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിയെ വളർത്തിയത് അമ്മയുടെ സഹോദരിയായിരുന്നു.
എന്നാൽ, പോറ്റി വളർത്തിയ ആ മാതൃസഹോദരി തന്നെയാണ് പതിനാറ് വയസ്സ് തികയും മുൻപേ കുട്ടിയെ ലൈംഗിക ചൂഷണത്തിനായി വിറ്റത്. ഓരോ തവണ പീഡനത്തിന് ഇരയാക്കുമ്പോഴും 1,000 മുതൽ 4,000 രൂപ വരെ എന്ന കമ്മീഷൻ വ്യവസ്ഥയിലാണ് കുട്ടിയെ കോവളത്തെ സ്പായിലെത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി.
പെൺകുട്ടി ലൈംഗിക ചൂഷണത്തിന് വഴങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി വളർത്തമ്മയും ഭർത്താവും ഇതേ സ്പായിൽത്തന്നെ ശുചീകരണ ജീവനക്കാരായി ജോലിക്ക് കയറുകയും ചെയ്തു. പീഡനത്തെ കുട്ടി എതിർത്തപ്പോഴെല്ലാം വളർത്തമ്മയും ഭർത്താവും ചേർന്ന് അതിക്രൂരമായി ഉപദ്രവിച്ചു. പൊള്ളലേൽപ്പിച്ചതിന്റെ ഉൾപ്പെടെയുള്ള പാടുകൾ പെൺകുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തമിഴും മലയാളവും സംസാരിക്കുന്ന നിരവധി ആളുകൾ തന്നെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. സ്പായിൽ സിസിടിവി ദൃശ്യങ്ങളോ സന്ദർശക രജിസ്റ്ററോ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ, പ്രതികളുടെയും സ്ഥാപനത്തിന്റെയും ഫോൺ കോൾ രേഖകൾ വിശദമായി പരിശോധിച്ച് സന്ദർശകരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.






