മുതിർന്ന പൗരന്മാരെ തള്ളി കളയാതെ അവരുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണം – ജി സുധാകരൻ എംഎൽഎ

Current: മലയാളം

അമ്പലപ്പുഴ: മുതിർന്ന പൗരന്മാരെ പല രംഗങ്ങളിലും അവഗണിക്കുന്ന സമീപനം തിരുത്തണമെന്നും ന്യൂജനറേഷൻ കാലഘട്ടമാണെന്ന് പറഞ്ഞ് പ്രായമായവരെ തള്ളി കളയാതെ അവരുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തണമെന്നും ജി സുധാകരൻ എംഎൽഎ പറഞ്ഞു.
കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാതല സർഗ്ഗവേദിയും കുഞ്ചൻ സ്മാരക സമിതിയും സംയുക്തമായി അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ തല സർഗ്ഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി. സുധാകരൻ എംഎൽഎ.
മുതിർന്ന പൗരന്മാർ എന്നത് അറിവുള്ളവരുടെ സമൂഹമാണ്. ഇത്തരക്കാർ വിശ്രമിച്ചോട്ടെ എന്ന് പറഞ്ഞ് പുറംതള്ളുന്ന രീതി വർദ്ധിച്ച് വരുകയാണ്.
പ്രായമായവരുടെ അറിവുകളും പരിജ്ഞാനങ്ങളും അനുഭവ സമ്പത്തും പ്രയോജനപെടുത്തുവാൻ സർക്കാറും മറ്റ് ഇതര സംഘടനകളും ഏജൻസികളും തയ്യാറാകണം.
പുതിയ കാലത്ത് ന്യൂ ജനറേഷൻ മാത്രം വിചാരിച്ചാൽ സമൂഹം മെച്ചപെടുകയില്ലെന്നും എന്നാൽ മുതിർന്ന പൗരന്മാരെ പരിഗണിക്കുന്നതിനൊപ്പം ചെറുപ്പക്കാരുടെ കർമ്മശേഷിയും പ്രയോജനപ്പെടുത്തണമെന്നും ജി സുധാകരൻ പറഞ്ഞു.
കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡൻ്റ് പ്രൊഫസ്സർ എൻ. ഗോപിനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് എം ശ്രീകുമാരൻ തമ്പി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി പി ആർ പുരുഷോത്തമൻ പിള്ള, സ്മാരക സെക്രട്ടറി എസ് പ്രദീപ്, ഡോക്‌ടർ നെടുമുടി ഹരികുമാർ, മുഞ്ഞിനാട് രാമചന്ദ്രൻ, കലാകാരൻ പുന്നപ്ര മധു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കവിയരങ്ങ്, കഥയരങ്ങ്, ഗാനാലാപനം, തിരുവാതിര, പ്രഛന്ന വേഷം, നാടോടി നൃത്തം, ഓൾഡ് ഈസ് ഗോൾഡ് ഗാനങ്ങൾ, മാജിക് ഷോ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.
കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ തല സർഗ്ഗവേദിയും അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ തല സർഗ്ഗോത്സവം മുൻ മന്ത്രി ജി സുധാകരൻ .എം എൽ .എ ഉദ്ഘാടനം ചെയ്യുന്നു.






