യൂത്ത് ഒളിമ്പിക്സിൽ ഐറിഷ് പതാകയെന്താൻ മലയാളി ബാഡ്മിന്റൺ താരം; പ്രവാസി മലയാളികൾക്ക് അഭിമാന നിമിഷം

Current: മലയാളം

യൂത്ത് ഒളിമ്പിക്സിൽ അയർലണ്ടിന്റെ പതാകയെന്താൻ അവസരം കിട്ടിയത് മലയാളിയായ ബാഡ്മിന്റൺ താരത്തിന്. ഡബ്ലിൻ മലയാളി കൂടിയായ ബാഡ്മിന്റൺ താരം ഹന്ന ഷോച്ചനാണ് 2026-ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ടീം അയർലൻഡിന്റെ പതാകയേന്തുക. യൂത്ത് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ആണ് അയർലണ്ടിന്റെ ദേശീയ പതാക പിടിച്ച് ടീമിനെ നയിക്കാനുള്ള അവസരം ഹന്നയ്ക്ക് വന്നുചേർന്നിരിക്കുന്നത്.
ഡബ്ലിൻ മലയാളികളായ ഷോച്ചൻ ആൻഡ്രൂസിന്റെയും ബെറ്റ്സ്സി ആന്റണിയുടെയും ഇളയ മകളാണ് പതിനാറുകാരിയായ ഹന്ന. ഡബ്ലിൻ ഗ്ലാസ്നെവിലിലാണ് ഷോച്ചനും കുടുംബവും താമസിക്കുന്നത്. നാട്ടിൽ എറണാകുളം പള്ളുരുത്തി സ്വദേശികളാണ്.
ഷോച്ചൻ ഐറിഷ് നാഷണൽ ഡിഫൻസിലും ബെറ്റ്സി നാഷണൽ ഓർത്തോപീഡിക് ഹോസ്പിറ്റലിലും ആണ് ജോലി ചെയ്യുന്നത്. ഹന്നയുടെ മൂത്ത സഹോദരി മിഷേൽ ഷോച്ചനും അറിയപ്പെടുന്ന ബാഡ്മിന്റൺ താരമാണ്.
മുതിർന്ന ഐറിഷ് ബോക്സിങ് താരവും രണ്ടു തവണ ഒളിമ്പിക്സ് ഗോൾഡ് മെഡൽ വിന്നറുമായ കെല്ലി ഹാരിങ്ടൺ ഹന്നക്ക് അയർലൻഡിന്റെ കിറ്റ് ബാഗ് കൈമാറി. യൂത്ത് ഒളിമ്പിക്സിൽ ഐറിഷ് പതാകയെന്താൻ ഉള്ള അവസരം ഒരു കുടിയേറ്റ മലയാളി കുടുംബത്തിലെ ഒരംഗത്തിന് ലഭിച്ചത് മലയാളി കുടിയേറ്റ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. അയർലണ്ടിലെ പ്രവാസി മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന മുഹൂർത്തം കൂടിയാണ് ഇത്.






