ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പ്; പ്രതികൾ താമസിച്ച ഹോട്ടൽ മുറി സീൽ ചെയ്തു | Tiger Shroff firing case

Current: മലയാളം

മുംബൈ: നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി മുംബൈ ക്രൈംബ്രാഞ്ച്. കേസിലെ മൂന്ന് പ്രധാന പ്രതികൾ ആന്ധേരിയിൽ താമസിച്ചിരുന്ന ഹോട്ടൽ മുറി അധികൃതർ സീൽ ചെയ്തു. സംഭവത്തിന് മുമ്പ് അജ്ഞാതമായ സ്ഥലത്ത് പ്രതികൾ വെടിവെപ്പ് പരിശീലനം നടത്തിയെന്ന ആരോപണവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. (Tiger Shroff firing case)
മൂന്ന് പ്രതികളെയും ഉൾപ്പെടുത്തി സംഭവസ്ഥലത്ത് തെളിവെടുപ്പും പുനരാവിഷ്‌കാരവും നടത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പ്രതികളെ വ്യാഴാഴ്ച മുംബൈയിലെ എസ്പ്ലനേഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. കേസിൽ അനിൽ പണ്ഡിറ്റിനെ ഒളിവിലുള്ള പ്രതിയായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അനിൽ പണ്ഡിറ്റിന്റെ നിർദേശപ്രകാരമാണ് വെടിവെപ്പ് നടത്തിയതെന്നാണ് കോടതിയിൽ മുംബൈ പൊലീസ് വാദിച്ചത്. നാല് പ്രതികളെയും രാജസ്ഥാനിലെ കോട്ടയിൽനിന്ന് മുംബൈയിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ 31 വരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയ കോടതി, പ്രതികളെ ഒക്ടോബർ 26 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഒക്ടോബർ 18ന് വൈകിട്ട് ഏഴുമണിയോടെയാണ് ജുഹുവിൽ വെടിവെപ്പ് നടന്നത്. ഫുട്ബോൾ ക്ലബിൽനിന്ന് പുറത്തേക്ക് വരികയായിരുന്ന ടൈഗർ ഷ്രോഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ, അദ്ദേഹത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും നടന്റെ പേരിൽ പ്രചരിപ്പിക്കുന്ന അനധികൃത പ്രസ്താവനകളും എഐ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ടൈഗർ ഷ്രോഫിന്റെ ടീം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങളും സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളും വിവരങ്ങൾ പരിശോധിക്കണമെന്നും ടീം ആവശ്യപ്പെട്ടു. വ്യാജ ഉള്ളടക്കങ്ങൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വെടിവെപ്പ് സംഭവത്തെക്കുറിച്ച് നടൻ നേരിട്ട് പ്രസ്താവനകളോ വീഡിയോകളോ പുറത്തിറക്കിയിട്ടില്ലെന്നും ടീം അറിയിച്ചു.
Summary: Mumbai Crime Branch has sealed the Andheri hotel room where three key accused in the Tiger Shroff firing case allegedly stayed. Investigators are probing claims that the shooters practised firing before the incident and may recreate the crime scene. Four accused have been remanded to police custody until October 26.






