ഡിസ്പോസിബിൾ സർജിക്കൽ ഉപകരണങ്ങളുടെ പുനരുപയോഗം തടയാൻ കർശന നടപടിയുമായി കേന്ദ്രം. സർക്കാർ-സ്വകാര്യ ആശുപത്രികൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം. ഗുരുതര അണുബാധകൾക്കും സാമ്പത്തിക ചൂഷണത്തിനും എതിരെ ജാഗ്രത. നിയമലംഘകർക്കെതിരെ കർശന നടപടി

Current: മലയാളം

ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിൽ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഗുരുതരമായ അണുബാധകൾ പടരുന്നത് തടയുന്നതിനുമായി നിർണ്ണായക ഉത്തരവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ഒരിക്കൽ മാത്രം ഉപയോഗിക്കാൻ നിർമ്മിച്ചിട്ടുള്ള ഡിസ്പോസിബിൾ സർജിക്കൽ ഉപകരണങ്ങളും മെഡിക്കൽ സാമഗ്രികളും ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കുന്ന അപകടകരമായ പ്രവണത പല ആശുപത്രികളിലും തുടരുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ സേവന ഡയറക്ടറേറ്റ് (DGHS) കർശന നിർദ്ദേശം പുറപ്പെടുവിച്ചത്.
സർക്കാർ, സ്വകാര്യ ആശുപത്രികൾ ഒരുപോലെ ഈ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി, ന്യൂറോ സർജറി തുടങ്ങിയ അതിതീവ്ര പരിചരണ വിഭാഗങ്ങളിലാണ് ഇത്തരം ഡിസ്പോസിബിൾ ഉപകരണങ്ങളുടെ പുനരുപയോഗം രോഗികളുടെ ജീവന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്.
സ്റ്റെറിലൈസ് ചെയ്ത് വീണ്ടും ഉപയോഗിച്ചാലും ഇത്തരം ഉപകരണങ്ങളിൽ ബാക്ടീരിയകളോ മറ്റ് സൂക്ഷ്മാണുക്കളോ ജൈവാവശിഷ്ടങ്ങളോ പൂർണ്ണമായി നീക്കം ചെയ്യപ്പെടാൻ സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇത് ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്.ഐ.വി തുടങ്ങിയ മാരക അണുബാധകൾക്കും അവയവങ്ങളുടെ പ്രവർത്തന തകരാറുകൾക്കും വഴിതെളിച്ചേക്കാം. ആരോഗ്യപരമായ പ്രത്യാഘാതങ്ങൾക്ക് പുറമെ, ആശുപത്രികൾ നടത്തുന്ന സാമ്പത്തിക ചൂഷണവും സർക്കാർ ഗൗരവമായി കാണുന്നുണ്ട്.
ഉപകരണങ്ങൾ പുനരുപയോഗിക്കുമ്പോഴും രോഗികളിൽ നിന്ന് ഇവയുടെ പുതിയ വില മുഴുവനായി ഈടാക്കുകയോ അല്ലെങ്കിൽ സർക്കാർ ഇൻഷുറൻസ്-റീഇംബേഴ്സ്മെന്റ് പദ്ധതികളിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റുകയോ ചെയ്യുന്ന തട്ടിപ്പുകൾ ചില ആശുപത്രികളിൽ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ നിയമലംഘനങ്ങൾ അടിയന്തരമായി തടയുന്നതിന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഡ്രഗ് കൺട്രോളർമാർ എന്നിവർ ആശുപത്രികളിൽ നിരന്തര നിരീക്ഷണം നടത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
ചട്ടങ്ങൾ ലംഘിക്കുന്ന ആശുപത്രികൾക്കെതിരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് തുടങ്ങിയ നിയമങ്ങൾ പ്രകാരം കർശനമായ ക്രിമിനൽ-നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.






