എസ്.എം.എ മരുന്ന് വിതരണത്തിലെ ആശങ്ക പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം: വെൽഫെയർ പാർട്ടി

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ എസ്.എം.എ (Spinal Muscular Atrophy) മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് രോഗികളിലും അവരുടെ കുടുംബങ്ങളിലും ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. മരുന്ന് വിതരണത്തിലെ രോഗികളുടെ ആശങ്കയെ അതീവ ഗൗരവത്തോടെ കാണണം.
സാധാരണക്കാരായ കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക എന്നത് സർക്കാരിൻ്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. എസ്.എം.എ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘റിസ്ഡിപ്ലാം’ എന്ന മരുന്നിന്റെ റോഷ് (Roche) കമ്പനിയുടെ ബ്രാൻഡഡ് പതിപ്പിന് ഒരു കുപ്പിക്ക് ഏകദേശം 6.2 ലക്ഷം രൂപയോളം ചെലവ് വരുമ്പോൾ, നാറ്റ്കോ (Natco) പുറത്തിറക്കുന്ന ജനറിക് പതിപ്പിന് കേവലം 15,900 രൂപ മാത്രമാണ് വില നിശ്ചയിച്ചിട്ടുള്ളത്.
മരുന്നിൻ്റെ ഗുണനിലവാരത്തെയും ഫലപ്രാപ്തിയെയും കുറിച്ച് ഉയരുന്ന സംശയങ്ങളും തെറ്റിദ്ധാരണകളും ദൂരീകരിക്കാൻ മെഡിക്കൽ വിദഗ്ധരുടെ ശാസ്ത്രീയ വിലയിരുത്തലുകൾ കൃത്യമായി പൊതുജനങ്ങളെ ബോധ്യപ്പെടുത്തണം.
ജനറിക് മരുന്ന് ഉൽപ്പാദനത്തിനെതിരെ വിദേശ കമ്പനി നൽകിയ കേസിൽ, ജനറിക് മരുന്ന് നിർമ്മാണത്തിന് അനുമതി നൽകിക്കൊണ്ട് 2025 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധി സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്.
എന്നാൽ, ബ്രാൻഡഡ് മരുന്ന് കമ്പനികളുടെ കുത്തകയും സാമ്പത്തിക താല്പര്യങ്ങളും സംരക്ഷിക്കാൻ വേണ്ടി ജനറിക് മരുന്നുകളുടെ ഗുണനിലവാരത്തെയും ഫലപ്രാപ്തിയെയും കുറിച്ച് നടക്കുന്ന പ്രചാരണങ്ങളുടെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്.
സ്വകാര്യ വിപണിയിലടക്കം ലഭ്യമായ ഒരു മരുന്ന് സർക്കാർ സൗജന്യമായി വിതരണം ചെയ്യുമ്പോൾ അത് ‘മരുന്ന് പരീക്ഷണം’ എന്ന രീതിയിൽ ചിത്രീകരിക്കപ്പെടുന്നത് രോഗികളിൽ വലിയ ഭീതിയുണ്ടാക്കും. ഇത്തരം പ്രചാരണങ്ങൾ തടയാനും ഈ മരുന്നിൻ്റെ സുരക്ഷിതത്വവും വിശ്വസനീയതയും പൂർണ്ണമായും ഉറപ്പുവരുത്താനും ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണം.
തീവ്രമായ രോഗാവസ്ഥയോട് പോരാടുന്ന കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്കകൾ പരിഹരിക്കാനും അവർക്ക് മാനസികവും ശാസ്ത്രീയവുമായ പിന്തുണ നൽകാനും സർക്കാർ തലത്തിൽ പ്രത്യേക ശ്രമം നടക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Get more updates from Pudukad News on Google






