18 വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച് വരുൺ സന്ദേശും ശ്വേത ബസു പ്രസാദും; പഴയ വഴക്കുകൾ മറന്ന് ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ | Shweta Basu Prasad and Varun Sandesh reunion

Current: മലയാളം

ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെയും പ്രിയപ്പെട്ട പ്രണയചിത്രമായിരുന്നു തെലുങ്ക് സിനിമയായ ‘കൊത്ത ബംഗാരു ലോകം’. ‘ഇത് ഞങ്ങളുടെ ലോകം’ എന്ന പേരിൽ മലയാളത്തിലും എത്തിയ ചിത്രത്തിലെ വരുൺ സന്ദേശ്–ശ്വേത ബസു പ്രസാദ് ജോഡിക്ക് ഇന്നും ആരാധകരേറെയാണ്. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ‘നാ വൈഫ് മിസ്സിങ്’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ പ്രസ് മീറ്റിൽ വരുൺ സന്ദേശിനൊപ്പമുള്ള പഴയകാല ഓർമകൾ പങ്കുവെച്ച ശ്വേതയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. (Shweta Basu Prasad and Varun Sandesh reunion)
‘കൊത്ത ബംഗാരു ലോകം’ ചിത്രീകരിക്കുമ്പോൾ തനിക്ക് 17 വയസ്സും വരുണിന് 19 വയസ്സുമായിരുന്നു പ്രായമെന്ന് ശ്വേത പറഞ്ഞു. അന്ന് ഇരുവരും കൗമാരക്കാരായിരുന്നതിനാൽ സെറ്റിൽ എപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്നും പരസ്പരം ഇഷ്ടമില്ലായിരുന്നുവെന്നും താരം ഓർത്തെടുത്തു. അന്ന് ഇനി ഒരിക്കലും വരുണിനോട് സംസാരിക്കേണ്ടിവരില്ലെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ വർഷങ്ങൾക്കിപ്പുറം ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയെന്നും ശ്വേത പറഞ്ഞു. ‘നാ സാമി രംഗ’യുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും വീണ്ടും അടുത്തത്. ഒരിക്കൽ തുടർച്ചയായി അഞ്ച് മണിക്കൂർ സംസാരിച്ചതിൽ തങ്ങൾക്കുതന്നെ അത്ഭുതം തോന്നിയെന്നും താരം കൂട്ടിച്ചേർത്തു.
ചെറുപ്രായത്തിൽ വലിയ വിജയം ലഭിച്ചപ്പോൾ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ തിരിച്ചറിയാൻ പ്രായം കൂടേണ്ടിവന്നുവെന്നും ശ്വേത പറഞ്ഞു. തെലുങ്ക് പ്രേക്ഷകരിൽ നിന്ന് വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് നിരവധി സന്ദേശങ്ങൾ ലഭിച്ചതായും അവരുടെ സ്നേഹമാണ് ഈ തിരിച്ചുവരവിനെ കൂടുതൽ സന്തോഷകരമാക്കുന്നതെന്നും താരം വ്യക്തമാക്കി. ഹിന്ദി ടെലിവിഷൻ സീരിയലുകളിലും ഒടിടി പ്രോജക്ടുകളിലും സജീവമായിരുന്ന ശ്വേതയ്ക്ക് തെലുങ്ക് സിനിമയിലേക്ക് മടങ്ങിയെത്താൻ ലഭിച്ച അവസരത്തിൽ സന്തോഷമുണ്ട്. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ചിത്രമാണ് ‘നാ വൈഫ് മിസ്സിങ്’ എന്നും താരം പറഞ്ഞു.
മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള ശ്വേത ബസു പ്രസാദ് ‘കൊത്ത ബംഗാരു ലോകം’ എന്ന ചിത്രത്തിലൂടെയാണ് വലിയ ശ്രദ്ധ നേടിയത്. 2014ൽ ഹൈദരാബാദിൽ അനാശാസ്യക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത് താരത്തിന്റെ കരിയറിൽ വലിയ തിരിച്ചടിയായിരുന്നു. പിന്നീട് കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട ശ്വേത ഒടിടി പ്ലാറ്റ്ഫോമുകളിലെ വെബ് സീരീസുകളിലൂടെ അഭിനയരംഗത്ത് സജീവമായി. 2018ൽ ഡോക്യുമെന്ററി സംവിധായകൻ രോഹിത് മിത്തലിനെ വിവാഹം ചെയ്ത താരം 2019ൽ വേർപിരിഞ്ഞു.
Summary: Shweta Basu Prasad and Varun Sandesh are reuniting after 18 years in the Telugu film Naa Wife Missing. Shweta recalled their frequent teenage arguments during Kotha Bangaru Lokam and said they have now become close friends.






