എൻ.ബി.എഫ്.സി പട്ടികയിലുള്ള കാലത്തോളം ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തേ തീരൂ; ടാറ്റയുടെ അപേക്ഷ തള്ളി ആർ.ബി.ഐ ഗവർണർ

Current: മലയാളം

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) അപ്പര്‍-ലെയര്‍ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (എന്‍.ബി.എഫ്.സി) പട്ടികയില്‍ തുടരുന്നിടത്തോളം കാലം ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടണമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര.
എന്‍.ബി.എഫ്.സി പദവി ഒഴിവാക്കാനുള്ള ടാറ്റാ സണ്‍സിന്റെ അപേക്ഷ ആര്‍.ബി.ഐ തള്ളിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
എന്‍.ഡി.ടി.വി വേള്‍ഡ് സമ്മിറ്റില്‍ സംസാരിക്കവെയാണ് സിസ്റ്റമിക് റിസ്‌ക് ഒഴിവാക്കാന്‍ ഇത്തരം കോര്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനികള്‍ ആര്‍.ബി.ഐയുടെ നിയന്ത്രണത്തിന് കീഴില്‍ വരണമെന്നും അപ്പര്‍-ലെയറിലുള്ള കമ്പനികള്‍ പൊതുവിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടേണ്ടത് നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയത്.
2022 സെപ്റ്റംബറിലാണ് ആര്‍.ബി.ഐ ടാറ്റാ സണ്‍സിനെ അപ്പര്‍-ലെയര്‍ എന്‍.ബി.എഫ്.സി ആയി വര്‍ഗ്ഗീകരിച്ചത്. തുടര്‍ന്ന് 2024-ല്‍ കമ്പനി തങ്ങളുടെ കടബാധ്യതകള്‍ തീര്‍ക്കുകയും എന്‍.ബി.എഫ്.സി രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അപേക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പൊതുജനങ്ങളില്‍ നിന്നോ മറ്റ് ഗ്രൂപ്പ് കമ്പനികള്‍ വഴിയോ പ്രത്യക്ഷമായോ പരോക്ഷമായോ ഫണ്ട് സ്വീകരിക്കുന്ന കമ്പനികള്‍ക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് വ്യക്തമാക്കി 2026 സെപ്റ്റംബര്‍ 11-ന് ആര്‍.ബി.ഐ ഈ അപേക്ഷ തള്ളുകയായിരുന്നു.
ലിസ്റ്റിംഗ് ഒഴിവാക്കുന്നതിനായി ഉപകമ്പനികളെ ടാറ്റാ സണ്‍സില്‍ ലയിപ്പിക്കാന്‍ ടാറ്റാ ട്രസ്റ്റ്‌സ് അധ്യക്ഷന്‍ നോയല്‍ ടാറ്റ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു.






