ശബരിമല നെയ്യ് തട്ടിപ്പ്: ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് മന്ത്രി കെ. മുരളീധരൻ. ഒത്താശയില്ലാതെ തട്ടിപ്പ് നടക്കില്ലെന്നും അന്വേഷണം ഊർജ്ജിതമാക്കുമെന്നും പ്രതികരണം. 2.5 കോടിയുടെ ക്രമക്കേടിൽ ട്രാൻസ്പോർട്ട് കരാറുകാരൻ അറസ്റ്റിൽ. വിതരണം ചെയ്തത് ഗുണനിലവാരം കുറഞ്ഞ വ്യാജ നെയ്യ്

Current: മലയാളം

തിരുവനന്തപുരം: ശബരിമല നിർമ്മാല്യ നെയ്യിലും അരവണ പ്രസാദ നിർമ്മാണത്തിനായുള്ള നെയ്യ് വിതരണത്തിലും നടന്ന വൻ തട്ടിപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ.
കേസിൽ ട്രാൻസ്പോർട്ട് കരാറുകാരൻ വിജിലൻസിന്റെ പിടിയിലായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭഗവാന്റെ വസ്തുവകകൾ അപഹരിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് വ്യക്തമാണെന്നും അല്ലാതെ ഇത്രയും വലിയ വെട്ടിപ്പ് നടത്താനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിൽ ഒരാളാണ് അറസ്റ്റിലായതെങ്കിലും കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും സർക്കാർ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമലയിലേക്ക് മിൽമ നൽകിയ 11,000 ലിറ്റർ ശുദ്ധമായ നെയ്യ് മറിച്ചുവിറ്റ്, പകരം തമിഴ്നാട്ടിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ വിലകുറഞ്ഞ നെയ്യ് എത്തിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ ഗതാഗത കരാറുകാരൻ എസ്.എസ്. ബിനുവിനെ വിജിലൻസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന കേസിൽ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റാണിത്. ഈ വൻ തട്ടിപ്പിലൂടെ ദേവസ്വം ബോർഡിന് 2.5 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
2025-ലെ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് സന്നിധാനത്ത് നെയ്യ് എത്തിക്കാനുള്ള കരാറാണ് ബിനുവിനുണ്ടായിരുന്നത്.
അരവണപ്പായസ നിർമ്മാണത്തിനായി പത്തനംതിട്ട മിൽമ ഡയറിയിൽ നിന്ന് ദേവസ്വം ബോർഡ് നേരിട്ട് സംഭരിച്ച നെയ്യ് സന്നിധാനത്തേക്ക് എത്തിക്കാനുള്ള ചുമതലയായിരുന്നു ബിനുവിന്. എന്നാൽ മിൽമയിൽ നിന്ന് കൈപ്പറ്റിയ നെയ്യ് ഇയാൾ തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് കൂടിയ വിലയ്ക്ക് മറിച്ചുവിൽക്കുകയായിരുന്നു.
തുടർന്ന് അവിടെനിന്ന് ശേഖരിച്ച ഗുണനിലവാരമില്ലാത്ത വ്യാജ നെയ്യ് പമ്പ വഴിയും സന്നിധാനത്തും എത്തിക്കുകയായിരുന്നുവെന്നാണ് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുകയാണ്.






