കുവൈത്തിൽ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പ്രവാസിയുടെ പഴ്സ് തട്ടിയെടുത്തു; നഷ്ടമായത് 210 ദിനാറും രേഖകളും | Indian expatriate robbed in Kuwait

Current: മലയാളം

കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സമീപിച്ച അജ്ഞാതൻ ഇന്ത്യൻ പ്രവാസിയുടെ പഴ്സ് തട്ടിയെടുത്ത് കടന്നുകളഞ്ഞതായി പരാതി. കുവൈത്തിലെ ഷർഖ് മേഖലയിലാണ് സംഭവം. പഴ്സിലുണ്ടായിരുന്ന 210 കുവൈത്ത് ദിനാറും സിവിൽ ഐഡിയും ബാങ്ക് കാർഡും നഷ്ടപ്പെട്ടതായി പ്രവാസി പൊലീസിൽ അറിയിച്ചു (Indian expatriate robbed in Kuwait). ഷർഖിലെ വ്യവസായ മേഖലയ്ക്ക് സമീപം നിൽക്കുന്നതിനിടെയാണ് അജ്ഞാതൻ പ്രവാസിയെ സമീപിച്ചത്. താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ താമസാനുമതിയുടെ സാധുത പരിശോധിക്കാനെന്ന പേരിൽ സിവിൽ ഐഡി ആവശ്യപ്പെട്ടു. രേഖ പുറത്തെടുക്കാൻ പ്രവാസി പഴ്സ് തുറന്നപ്പോഴാണ് ഇയാൾ പഴ്സ് തട്ടിപ്പറിച്ച് ഓടിരക്ഷപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തെക്കുറിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പബ്ലിക് പ്രോസിക്യൂട്ടറെ അറിയിച്ചതിനെ തുടർന്ന് കേസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസിന് കൈമാറി. പ്രതിയെ തിരിച്ചറിയാനും പിടികൂടാനുമായി ക്യാപിറ്റൽ ഗവർണറേറ്റിലെ അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി സമീപിക്കുന്ന അപരിചിതരുടെ തിരിച്ചറിയൽ ഉറപ്പാക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Summary: An Indian expatriate in Kuwait has reported that an unidentified man posing as a police officer stole his wallet in the Sharq area. The wallet reportedly contained 210 Kuwaiti dinars, a civil ID and a bank card, and investigators are working to identify the suspect.






