സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണശ്രമം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്തതായി സഖ്യസേന | Saudi Arabia Houthi missile attack

Current: മലയാളം

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ വിക്ഷേപിച്ച 10 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും തകർത്തതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിസൈലുകൾ തടഞ്ഞതെന്ന് സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി എക്സിലൂടെ വ്യക്തമാക്കി (Saudi Arabia Houthi missile attack). സൗദി പ്രസ് ഏജൻസിയും വാർത്ത റിപ്പോർട്ട് ചെയ്തു. ഖമീസ് മുശൈത്ത് നഗരത്തെ ലക്ഷ്യമിട്ടാണ് ക്രൂയിസ് മിസൈൽ എത്തിയതെന്നാണ് അധികൃതർ അറിയിച്ചത്. ആക്രമണശ്രമത്തെ തുടർന്ന് ജിസാൻ പ്രവിശ്യയിൽ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് അപകടസാധ്യത ഒഴിവായതിനെ തുടർന്ന് മുന്നറിയിപ്പ് പിൻവലിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെയോ അവ തടയുന്നതിന്റെയോ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നിയമനടപടികൾക്ക് ഇടയാക്കുമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യമുണ്ടായാൽ 998 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. യെമനിൽ നിന്നുള്ള ഹൂതി ആക്രമണഭീഷണിയുടെ പശ്ചാത്തലത്തിൽ സൗദിയിലെ വിവിധ മേഖലകളിൽ സുരക്ഷാ ജാഗ്രത തുടരുകയാണ്. മിസൈലുകൾ തടഞ്ഞതായുള്ള വിവരങ്ങൾ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഔദ്യോഗിക അറിയിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
Summary: The Saudi-led coalition said it intercepted 10 ballistic missiles and one cruise missile launched by Yemen’s Houthi rebels towards southern Saudi Arabia. Authorities later lifted a safety warning in Jizan and urged the public not to circulate footage of missile attacks or interceptions.






