സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും; ആവശ്യമായ എല്ലാ അനുമതികളും സർക്കാർ നൽകിയിട്ടുണ്ട്. സഹകരണ മേഖലയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്കുള്ള കേരളത്തിന്റെ മറുപടിയാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

Current: മലയാളം

കോഴിക്കോട്: കേരളത്തിലെ സഹകരണസംഘങ്ങളുടെ വിശ്വാസ്യതയും നിക്ഷേപകരുടെ പണത്തിന് സുരക്ഷയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ ആരംഭിക്കുമെന്നും ഇതിനായി ആവശ്യമായ എല്ലാ അനുമതികളും സർക്കാർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിറ്റി സർവീസ് സൊസൈറ്റിയുടെ 25-ാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ ഒരു സഹകരണസംഘത്തിന്റെ നേതൃത്വത്തിലാണ് വിമാനസർവീസ് പദ്ധതി നടപ്പാക്കുന്നത്. സഹകരണ മേഖലയെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങൾക്കുള്ള കേരളത്തിന്റെ മറുപടിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
സഹകരണ മേഖലയിലെ നിക്ഷേപകർക്ക് സർക്കാർ സുരക്ഷ ഉറപ്പാക്കും. നിലവിൽ അഞ്ച് ലക്ഷം രൂപ വരെയാണ് നിക്ഷേപങ്ങൾക്ക് ഗ്യാരണ്ടിയുള്ളത്. ഇത് നിക്ഷേപിക്കുന്ന മുഴുവൻ തുകയ്ക്കും സുരക്ഷ ലഭിക്കുന്ന രീതിയിലേക്ക് മാറ്റണമെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിക്ഷേപകരുടെ പണം അപഹരിക്കുന്നവർ ആരായാലും അവരെ പുറത്താക്കുകയും നിയമനടപടി സ്വീകരിക്കുകയും വേണം. ജനങ്ങളുടെ പണം തട്ടിയെടുക്കാമെന്ന ചിന്തപോലും ഉണ്ടാകാത്ത സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നികുതി വർധിപ്പിക്കുന്നത് നിലവിലുള്ള നികുതി അടയ്ക്കുന്നതിൽപോലും ജനങ്ങൾക്ക് വിമുഖതയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പണം പൊതുജനങ്ങളിലേക്ക് എത്തിക്കണം. എങ്കിൽ മാത്രമേ അത് സമ്പദ്വ്യവസ്ഥയിലേക്ക് തിരിച്ചെത്തുകയുള്ളൂ. കഴിഞ്ഞ ഓണക്കാലത്ത് സർക്കാർ സ്വീകരിച്ച നടപടികളും ഈ ലക്ഷ്യം മുൻനിർത്തിയുള്ളതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.






