വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാലിനെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആറ്റിങ്ങൽ ഊരുപൊയ്കയിൽ. കുറ്റാന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ നേടിയ ഉദ്യോഗസ്ഥൻ. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Current: മലയാളം

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിജിലൻസ് ഇൻസ്പെക്ടറെ ഭാര്യവീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പോത്തൻകോട് സ്വദേശിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ മരുതുംകുഴി യൂണിറ്റ് ഇൻസ്പെക്ടറുമായ ബിനീഷ് ലാൽ (50) ആണ് മരിച്ചത്. ഭാര്യയുടെ നാടായ ഊരുപോയ്ക ബി.എസ്. ഭവനിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മികച്ച കുറ്റാന്വേഷണത്തിനുള്ള 2025-ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ പുരസ്കാരം നേടിയ ശ്രദ്ധേയനായ ഉദ്യോഗസ്ഥനായിരുന്നു ബിനീഷ് ലാൽ. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ, കാട്ടാക്കട ഇൻസ്പെക്ടർ എന്നീ നിലകളിലും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അഞ്ചുതെങ്ങിൽ സേവനമനുഷ്ഠിക്കവെ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച നിരവധി പ്രമാദമായ ക്രിമിനൽ കേസുകളിലും അസ്വാഭാവിക മരണക്കേസുകളിലും കാര്യക്ഷമമായ അന്വേഷണത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അസ്വാഭാവിക മരണത്തിന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






