മാസപ്പടി കേസിലെ ഇ.ഡി നടപടികൾക്ക് പിന്നാലെ മാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ച് പിണറായി വിജയൻ. രണ്ടുമാസമായി വാർത്താസമ്മേളനങ്ങൾ ഒഴിവാക്കുന്നു. നിയമസഭയിലെ വാക്ക്ഔട്ടുകൾക്ക് ശേഷവും മുന്നിലെത്തുന്നത് കെ.എൻ. ബാലഗോപാൽ. ഒളിച്ചോട്ടമെന്ന ആരോപണവുമായി യു.ഡി.എഫ്. സി.പി.എമ്മിനുള്ളിലും അണികളിലും ആശങ്ക പുകയുന്നു

Current: മലയാളം

തിരുവനന്തപുരം: രാഷ്ട്രീയമായും സംഘടനാപരമായും വ്യക്തിപരമായും നിരവധി വിഷയങ്ങൾ ഉയർന്നുവരുമ്പോഴും മാധ്യമങ്ങളെ അഭിമുഖീകരിക്കാനോ പത്രസമ്മേളനം നടത്താനോ തയ്യാറാകാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
പ്രതിപക്ഷ നേതാവായ ആദ്യ ആഴ്ചകളിൽ എല്ലാ ശനിയാഴ്ചയും പത്രസമ്മേളനം നടത്തുകയും അല്ലാത്ത പക്ഷം പ്രധാന വിഷയങ്ങളിൽ പ്രതികരണം നൽകുകയോ ചെയ്തുകൊണ്ടിരുന്ന പിണറായി വിജയൻ, മാസപ്പടി കേസിലെ ഇ.ഡി നടപടികളും കോടതി ഉത്തരവും വന്നതിന് ശേഷം ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയിട്ടില്ല.
രണ്ട് മാസത്തോളമായി മാധ്യമങ്ങളെ കാണാതെ നടക്കുന്ന പ്രതിപക്ഷ നേതാവിൻെറ പ്രതികരണങ്ങളെല്ലാം സമൂഹ മാധ്യമ പോസ്റ്റുകളിലൂടെയും പത്രക്കുറിപ്പിലൂടെയുമാണ്.നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് മിക്കവാറും എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്ന പതിവ് ഉണ്ടെങ്കിലും പിണറായി വിജയൻ അതിനും തയ്യാറാകുന്നില്ല.
എൽ.ഡി.എഫ് സർക്കാരിൻെറ സൃഷ്ടിയായ കിഫ്ബിക്ക് എതിരായ വിദഗ്ധ സമിതി റിപോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ച ദിവസം പോലും പിണറായി മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയില്ല.
അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുമ്പോഴുളള ഇറങ്ങിപ്പോക്കിന് ശേഷം പ്രതിപക്ഷം നടത്തുന്ന പത്രസമ്മേളനത്തിന് പിണറായി വിജയന് പകരം കെ.എൻ.ബാലഗോപാലാണ് എത്തുന്നത്.
മാസപ്പടി കേസിലെ ഹവാല ആരോപണത്തിനും കേസ് എടുക്കണമെന്ന ഇ.ഡി ശുപാർശയിലും എല്ലാം പിണറായി മറുപടി പറഞ്ഞത് പൊതുയോഗങ്ങളിലെയും പാർട്ടി പരിപാടിയിലെയും പ്രസംഗങ്ങളിലൂടെയാണ്.
പ്രസംഗത്തിലെ പ്രതികരണങ്ങളിൽ വിശദമായി കടന്നുപോകുന്നതിന് പരിമിതിയുളളത് കൊണ്ട് സമഗ്രമായി വിഷയത്തെ സമീപിക്കാനാവുന്നില്ല.താൻ പറയാൻ ആഗ്രഹിക്കുന്നത് മാത്രം പറഞ്ഞ് പോകാം എന്നതാണ് പ്രസംഗത്തിലെ വിശദീകരണത്തിനുളള ഗുണം.
എന്നാൽ എതിരായി വരുന്ന ചോദ്യങ്ങൾക്കോ ചൂണ്ടിക്കാണിക്കപ്പെടുന്ന വസ്തുതകൾക്കോ മറുപടി ഇല്ലാത്തതിനാൽ അത് ഉദ്ദേശിച്ച ഫലം ചെയ്യാതെ പോകപ്പെടുന്നുണ്ട്.മാധ്യമങ്ങളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ മടിയുളളത് കൊണ്ടാണ് പിണറായി വിജയൻ പത്രസമ്മേളനം നടത്തുന്നതിനോ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനോ മുന്നോട്ട് വരാത്തതെന്ന വിമർശനവും ഇതിനൊപ്പം ഉയരുന്നുണ്ട്.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുയർന്ന അഴിമതി ആരോപണങ്ങൾ ശരിവെക്കുന്ന രീതിയിലാണ് ഇ.ഡി നടപടികൾ മുൻപോട്ട് പോകുന്നതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് നേതൃത്വവും വിഷയം രാഷ്ട്രീയമായി പരമാവധി ഉപയോഗിക്കുന്നുണ്ട്.
ഈ വിമർശനങ്ങളെ മുന്നിൽ നിന്ന് പ്രതിരോധിക്കാൻ പിണറായി വിജയൻ മുന്നോട്ട് വരുന്നില്ല എന്നത് ശ്രദ്ധേയമാണ്.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണാത്തതും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയാറാകാത്തത് നിയമ സഭയ്ക്കുള്ളിൽ യു.ഡി.എഫിന്റെ കടന്നാക്രമണങ്ങൾക്ക് മൂർച്ച കൂട്ടുന്നു.അഴിമതി ആരോപണത്തിൽ നിന്നും അന്വേഷണ ഏജൻസികളിൽ നിന്നും ഒളിച്ചോടുകയാണെന്ന പ്രചാരണം ഭരണപക്ഷം ശക്തമാക്കിയിട്ടുണ്ട്.
നിർണായകമായ രാഷ്ട്രീയ സംഭവവികാസങ്ങൾ നടക്കുമ്പോഴും പ്രതിപക്ഷനേതാവ് പിണറായി വിജയൻ പത്ര സമ്മേളനം നടത്താത്തതും പ്രതികരിക്കാത്തും സിപിഎമ്മിലും ഇടത് മുന്നണിയിലും ചർച്ചയായിട്ടുണ്ട്.
നേതാക്കൾക്കിടയിലുളള അടക്കം പറച്ചിലനപ്പുറം ആർക്കും ഇക്കാര്യം നേരിട്ട് പിണറായി വിജയൻെറ ശ്രദ്ധയിൽപ്പെടുത്താൻ ആർക്കും ധൈര്യമില്ല.അതുകൊണ്ട് നേതാക്കളുടെ ആശങ്ക അടക്കംപറച്ചിൽ മാത്രമായി ഒതുങ്ങി.
പ്രതിപക്ഷത്തിരുന്ന് സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നയിക്കേണ്ട ഘട്ടത്തിൽ, മുതിർന്ന നേതാവിനെതിരെയുള്ള ഇ.ഡി അന്വേഷണവും കോടതി നടപടികളും പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്.
ഈ ഘട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയാറാകാത്തത് താഴെത്തട്ടിലുള്ള പാർട്ടി അണികളിലും അനുഭാവികളിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
കേന്ദ്ര ഏജൻസികളെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന വാദം സിപിഎം സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നുണ്ടെങ്കിലും, അന്വേഷണ വിഷയത്തിലെ വ്യക്തിപരമായ ആരോപണങ്ങൾക്ക് പിണറായി മറുപടി നൽകാത്തത് പൊതുസമൂഹത്തിൽ ആ വാദത്തിന്റെ മൂർച്ച കുറയ്ക്കുന്നു.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊവിഡ് പോലെയുളള പ്രതിസന്ധി ഘട്ടങ്ങളിലും പത്രസമ്മേളനങ്ങൾ വിളിച്ച് പ്രതികരിച്ചിരുന്ന നേതാവ് എന്ന നിലയിൽ നിന്ന്, നിലവിൽ ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ മടിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായയെ സാരമായി ബാധിക്കുന്നുണ്ട്.
കേസിൽ കോടതി വഴി നിയമപരമായ സംരക്ഷണം നേടാൻ ശ്രമിക്കുമ്പോഴും, ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് പൊതുമണ്ഡലത്തിൽ രാഷ്ട്രീയ മറുപടി നൽകാൻ കഴിയാത്തത് അദ്ദേഹത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്.
പ്രതിപക്ഷ സ്ഥാനത്തിരുന്ന് യു.ഡി.എഫ് സർക്കാരിനെതിരെ രാഷ്ട്രീയ പോരാട്ടം നടത്തുന്നതിനൊപ്പം തന്നെ, സ്വന്തം പേരിൽ നിൽക്കുന്ന മാസപ്പടി കേസിൽ വ്യക്തമായ മറുപടി നൽകാൻ പിണറായി വിജയൻ വൈകാതെ നിർബന്ധിതരാകും.






