പാമ്പാടിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കൃപയുടെയും ആഷ്ലിയുടെ ഭവനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ജീവിതത്തിലുണ്ടായ കടുത്ത വ്യക്തിപരമായ നഷ്ടത്തിന്റെയും വേദനയുടെയും ഇടയിലും മകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കൃപയുടെ കുടുംബം. തങ്ങളുടെ വീടിരിക്കുന്ന സ്ഥലം ഒഴിച്ച് ബാക്കിയുള്ള സ്ഥലം കൃപാഭവൻ എന്ന പേരിൽ ഭവന പദ്ധതിക്കായിട്ട് നീക്കിവെക്കും

Current: മലയാളം

കോട്ടയം: പാമ്പാടിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട കൃപയുടെയും ആഷ്ലിയുടെയും ഭവനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
പാമ്പാടി കോത്തല 13-ാം മൈലിലുണ്ടായ വാഹനാപകടത്തിലാണ്
പാമ്പാടി ബ്ലോസം വാലി ചൈൽഡ് ഡിവലപ്മെന്റ് സെന്റർ ഡയറക്ടർ ഫാ. കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകൾ കൃപ മെറിൻ കുര്യാക്കോസ് (24), വട്ടക്കാവുങ്കൽ വി.വി. തോമസിന്റെ മകൾ ആഷ്ലി ആൻ തോമസ് (25) എന്നിവരാണ് മരിച്ചത്.
പാമ്പാടി ഭാഗത്തുനിന്ന് സുഹൃത്തായ ആഷ്ലിയുടെ സ്കൂട്ടറിൽ കാനത്തുള്ള കൂട്ടുകാരിയെ കാണാൻ പോകുന്നതിനിടയിലാണ് അപകടം.
റോഡിൽ സംസാരിച്ചുകൊണ്ടിരുന്ന കാൽനടയാത്രക്കാരെ ഇടിക്കാതിരിക്കാൻ മുൻപേപോയ കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നാലെ എത്തിയ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ജീവിതത്തിലുണ്ടായ കടുത്ത വ്യക്തിപരമായ നഷ്ടത്തിന്റെയും വേദനയുടെയും ഇടയിലും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. മകൾ നൽകിയ പ്രചോദനവും പിന്തുണയുമാണ് ഈ ദൗത്യം പുനരാരംഭിക്കാൻ തനിക്ക് ഊർജ്ജം പകരുന്നതെന്ന് കൃപയുടെ കുടുംബാംഗം വ്യക്തമാക്കുന്നു
“ഈ ദിവസങ്ങളിൽ… ഈ ദിവസങ്ങളിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒത്തിരി വേദനയുള്ള ദിവസങ്ങളാണ്.
ആർക്കും ഒരിക്കലും ഇതുപോലുള്ള വേദനകൾ ജീവിതത്തിൽ വരാതിരിക്കട്ടെ എന്നു കൃപയുടെ പിതാവ് ഫാ. കുര്യാക്കോസ് കടവുംഭാഗം പറഞ്ഞു.
ആ വേദനകളിൽ നിന്ന് ഒരിക്കലും ഒരു പൂർണ്ണമായ ആശ്വാസം എനിക്കും കുടുംബത്തിന് കിട്ടില്ല എന്ന് അറിയാം. ആ ആവശ്യങ്ങളിലെല്ലാം നിങ്ങൾ കൂടെ നിന്ന്, ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
എനിക്ക് എന്റെ കൊച്ചു നഷ്ടപ്പെട്ടുപോയി എന്നൊരു ചിന്തയില്ല. കാരണം, ഇന്നേവരെ അവളെന്നോട് സംസാരിച്ചു. അവളെന്നെ ‘കടു’ എന്നാ വിളിക്കുന്നത്. എന്നെ സ്നേഹിക്കുന്ന കുറെ പേര് വിളിക്കുന്നത്. ‘കടു, കടുവംഭാഗത്തിന്റെ ഷോർട്ട് ഫോം.
‘കടു ഇനിയിങ്ങനെ നിൽക്കരുത്, ഇത്രയും നാളും കടു തന്നെയല്ലേ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നേ. ഇനി ഞാൻ കടുവിനോട് ഉണ്ടാവും, ഇത്രയും നാൾ കടു ചെയ്തതിന്റെ ഇരട്ടിയായിട്ട് ചെയ്യണം. അല്ലെങ്കിൽ ഞാൻ കൂടെയുണ്ടെന്ന് ആർക്കും തോന്നത്തില്ലല്ലോ.’ എന്ന് അവൾപറഞ്ഞിരുന്നു. അതൊരു വലിയ പ്രചോദനമാണ്.
അതുകൊണ്ടുതന്നെ എന്റെ കൊച്ച് എന്റെ കൂടെയുണ്ട് ഞാൻ വിശ്വസിക്കുന്നു. എന്നിലൂടെ സംസാരിക്കുന്നത്, എനിക്ക് അവളെ കാണാൻ സാധിക്കും. കടു ഇനിയിങ്ങനെ സങ്കടപ്പെട്ടിരിക്കരുത്’ എന്ന് അവൾ പറയുമെന്ന് എന്നുള്ളത് ഓർത്തുകൊണ്ടുതന്നെ, ഞാൻ അതിന്റെ ദൗത്യം പുനരാരംഭിക്കുകയാണ്. എന്റെ വീടിരിക്കുന്ന സ്ഥലം ഒഴിച്ച് ബാക്കി സ്ഥലം ഭവന പദ്ധതിക്കായിട്ട് നേരത്തെ തന്നെ മാറ്റിവെച്ചതായിരുന്നു.
മക്കൾ രണ്ടുപേരും നെടുമ്പാശ്ശേരിയിൽ ഇറങ്ങി ഇങ്ങോട്ട് പോരുമ്പോഴും ഞങ്ങൾ സംസാരിച്ചത് വളരെ അത്യാവശ്യമായ ഒരു കുടുംബത്തിന് ഒരു വീട് വെച്ചു കൊടുക്കാനാണ്. ബ്ലോസം വാലി, അതുപോലെ കടുവംഭാഗം ചാരിറ്റബിൾ ട്രസ്റ്റ് ഇങ്ങനെ കുറെ ആളുകളെ വീട് വാടകയ്ക്ക് എടുത്ത് താമസിപ്പിക്കുന്നുണ്ട്.
ഇപ്പോൾ ഞങ്ങൾ ആദ്യമായിട്ട് ചെയ്യുന്നത് അവിടെയൊരു വീട് വെച്ചു കൊടുക്കുകയാണ്, ഏറ്റവും നല്ല ഒരു വീട്.
‘കൃപാഭവൻ’ ആദ്യമായിട്ട് എത്രയും വേഗം അവിടെ പൂർത്തീകരിക്കും. ആദ്യത്തെ വീട് ആർക്കാണെന്നോ ഒന്നും പറയുന്നില്ല. അങ്ങനെ ഒരാളെ ഇവിടെ പബ്ലിക് ആയിട്ട് നൽകുകയോ കൊടുക്കുകയോ ചെയ്യുന്നില്ല. മകൻ കിരൺ, അതിനുവേണ്ട രേഖകൾ കടുവംഭാഗം ട്രസ്റ്റിന്റെ ചുമതലക്കാരെ ഏൽപ്പിക്കും. അത് ഞങ്ങൾ തന്നെ, കിരൺ അത് നേരിട്ട് ഏറ്റെടുത്ത് അതിന്റെ പണികൾ പൂർത്തീകരിച്ച് ഒരു വർഷത്തിനുള്ളിൽ അത് അവർക്ക് കൈമാറാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിങ്ങൾ പ്രാർത്ഥിക്കണം, പ്രാർത്ഥിച്ചാൽ മാത്രം മതി. എന്റെ മോൾക്ക് വേണ്ടി, എന്റെ കുടുംബത്തിൽ ഒരു സമാധാനം കിട്ടാൻ വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം എന്നു ഫാ. കുര്യാക്കോസ് കടവുംഭാഗം പള്ളിയിൽ നടന്ന ചടങ്ങിൽ പറഞ്ഞു.






