രണ്ട് പതിറ്റാണ്ടിന് ശേഷം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടത്താമെന്ന ജാമിയ മില്ലിയ സർവകലാശാലയുടെ വാഗ്ദാനം തള്ളി വിദ്യാർത്ഥികൾ; സമരം തുടരുമെന്ന് പ്രഖ്യാപനം

Current: മലയാളം

ഡല്‍ഹി: രണ്ട് പതിറ്റാണ്ടോളമായി മുടങ്ങിക്കിടന്ന വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പ് പുനഃസംഘടിപ്പിക്കുമെന്നും സസ്പെന്ഷന് നടപടികള്‍ പിന്‍വലിക്കുമെന്നുമുള്ള ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാല ഭരണകൂടത്തിന്റെ പ്രഖ്യാപനം വിദ്യാര്‍ത്ഥികള്‍ തള്ളി.
യൂണിയന് ഭരണഘടന അംഗീകരിച്ച് 15 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് രജിസ്ട്രാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ ഭരണഘടനയ്ക്ക് എന്നാണ് അംഗീകാരം ലഭിക്കുക എന്ന കാര്യത്തില്‍ വ്യക്തമായ സമയക്രമം പ്രഖ്യാപിക്കാത്തതിനാലും പ്രോക്ടറുടെ രാജിയെന്ന പ്രധാന ആവശ്യം പരിഗണിക്കാത്തതിനാലുമാണ് ഉത്തരവ് തള്ളുന്നതെന്ന് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
2006-ലാണ് ജാമിയയിലെ വിദ്യാര്‍ത്ഥി യൂണിയന് പിരിച്ചുവിട്ടത്. സര്‍വകലാശാലയില്‍ ജനാധിപത്യപരമായ വിദ്യാര്‍ത്ഥി പ്രാതിനിധ്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി ശക്തമായ പ്രക്ഷോഭത്തിലാണ് വിദ്യാര്‍ത്ഥികള്‍.
തിങ്കളാഴ്ച പുലര്‍ച്ചെ 4:30-ഓടെ പ്രതിഷേധ സ്ഥലത്തെത്തിയ രജിസ്ട്രാര്‍ മഹതാബ് ആലം റിസ്വി ഉത്തരവ് കൈമാറുകയും സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
എന്നാല്‍ വ്യക്തമായ തീയതി പ്രഖ്യാപിക്കുന്നത് വരെയും എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെയും സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.






